സിഡ്നി: വിഷന്‍ പസിഫിക്ക മീഡിയ അവാര്‍ഡിന് ഇന്ത്യന്‍ വംശജയായ റിയ ഭഗവാന് അര്‍ഹയായി. യൂണിവേഴ്സിറ്റ് ഓഫ് സൗത്ത് പസിഫിക്കില്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയായ റിയയുടെ രചന ഫീച്ചര്‍ സ്റ്റോറി വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ക്ലീനര്‍ പസിഫിക് എന്നതായിരുന്നു രചനയുടെ വിഷയം. വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വിപത്തുകളായിരുന്നു ഫീച്ചര്‍ സ്റ്റോറിക്കു വിഷയമായി റിയ സ്വീകരിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് മനുഷ്യരാശിയുടെ തന്നെ ആരോഗ്യ സംരക്ഷണ മേഖലയ്ക്കും ലോകത്തിന്റെ പാരിസ്ഥിതിക ഭാവിക്കും ഭീഷണിയാകുന്നതെന്നതിന്റെ നേര്‍ചിത്രമായിരുന്നു ഈ രചനയെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ഈ പുരസ്കാര ലബ്ധിയില്‍ തനിക്ക് അത്യധികമായ സന്തോഷവും സംതൃപ്തിയുമാണുള്ളതെന്ന് റിയ പറയുന്നു. ഇതിനെ ഒരു വ്യക്തിപരമായ വിജയമെന്നു കാണുന്നതിനെക്കാള്‍ താല്പര്യപ്പെടുന്നത് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് പസിഫിക്കിലെ ജേര്‍ണലിസം ബാച്ചിലെ എല്ലാവരുടെയും പൊതുവിജയമായി കാണുന്നതിനാണെന്നും റിയ ഭഗവാന് പറയുന്നു.
പസിഫിക് മേഖലയിലാകെയുള്ള പാരിസ്ഥിതിക ജേര്‍ണലിസത്തിലെ മികവുകളെ കണ്ടെത്തുന്നതിനു പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വിഷന്‍ പസിഫിക്ക മീഡിയ അവാര്‍ഡുകള്‍. ഏഴാമത് വിഷന്‍ പസിഫിക്ക അവാര്‍ഡുകളാണ് ഇക്കൊല്ലം വിതരണം ചെയ്യുക. 2024ലെ രചനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.

