ബ്രിസ്ബേന്‍: പഠനത്തിനൊപ്പം ഒരു യുണൈറ്റഡ് പെട്രോളിയം പമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തെറ്റായ സാലറി സ്ലിപ്പ് നല്കിയ സംഭവത്തില്‍ പമ്പിന്റെ നടത്തിപ്പുകാരന് നവനീത് ഗോജിക്കറിന് വന്‍ പിഴ. ബ്രിസ്ബേനിലെ ഫെഡറല്‍ സര്‍ക്യൂട്ട് ആന്‍ഡ് ഫാമിലി കോര്‍ട്ട് നടത്തിപ്പുകാരന് 15984 ഡോളറാണ് പിഴയൊടുക്കാന്‍ വിധിച്ചത്. സണ്ണി ബാങ്ക് ഹില്‍സിലെ യുണൈറ്റഡ് പെട്രോളിയത്തിന്റെ ഔട്ടലറ്റിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്. പരിശോധനയ്ക്കെത്തിയ ഫെയര്‍ വര്‍ക്സ് ഇന്‍സ്പെക്ടര്‍ക്കാണ് തെറ്റായ ശമ്പള വിവരങ്ങള്‍ രേഖപ്പെടുത്തിയ തൊഴില്‍ വിവരരേഖ നല്‍കിയത്. ഇതേ തുടര്‍ന്ന് ഫെയര്‍ വര്‍ക്സ് വിഭാഗം പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ ഒരു റിക്കാര്‍ഡുകളും അവിടെ ശരിയായ രീതിയിലായിരുന്നില്ല സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി.
ഇതേ രീതിയില്‍ തെറ്റായ ശമ്പളവിവരങ്ങളാണ് വര്‍ഷങ്ങളായി പമ്പില്‍ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 2019നും 2021നും ഇടയില്‍ പമ്പില്‍ ജോലിക്കു നിര്‍ത്തിയിരുന്ന വേറെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ശമ്പളം ന്യായവിരുദ്ധമായാണ് നല്‍കിയിരുന്നതെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ വിഷയം ഫെയര്‍ വര്‍ക്സ് ഒംബുഡ്സ്മാന് അന്ന ബൂത്ത് വളരെ ഗൗരവമായാണ് പരിഗണിച്ചത്. മനപ്പൂര്‍വമുള്ള ചതിയാണ് പമ്പിലെ തൊഴില്‍ മേഖലയില്‍ നടന്നതെന്നു നിരീക്ഷിച്ചാണ് കനത്ത തന്നെ ഗോജിക്കര്ക്കെതിരേ ചുമത്തിയത്.
ശമ്പളമൊന്ന്, കണക്കു വേറൊന്ന്, പെട്രോള്‍ പമ്പു നടത്തിപ്പുകാരന് കനത്ത പിഴ
