ഒന്റാറിയോ: തീയറ്ററുകള്‍ക്കു നേരേ ആക്രമണത്തിനു കാരണമാകുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ കാന്താര ചാപ്റ്റര്‍ 1, ദേ കോള്‍ ഹിം ഓജി എന്നീ ചിത്രങ്ങള്‍ക്കു കാനഡയിലെ തീയറ്ററുകള്‍ വിലക്കേര്‍പ്പെടുത്തുന്നു. രണ്ടു തീയറ്റര്‍ ശൃംഘലകള്‍ അവരുടെ സ്വന്തം നിലയ്ക്കെടുത്തിരിക്കുന്ന തീരുമാനം ഇന്ത്യന്‍ സിനിമകള്‍ക്കു മുഴുവന്‍ പേരുദോഷമായി മാറുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നിരവധി തീയറ്ററുകള്‍ ഉള്‍പ്പെടുന്ന ഫിലിം ഡോട്ട് സിഎ, യോര്‍ക്ക് സിനിമാസ് എന്നിവയാണ് കാന്താരയ്ക്കും ഓജിക്കും നേരേ വാതിലുകള്‍ അടച്ചിരിക്കുന്നത്. മറ്റ് ഇന്ത്യന്‍ ചലച്ചിത്രങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ ഗ്രൂപ്പുകളുടെ തീയറ്ററുകളില്‍ പ്രദര്പ്പിക്കേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ മാസം ഇരുപത്തഞ്ചിനാണ് കാന്താര പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന്റെ പ്രധാന കവാടത്തില്‍ തീപിടിക്കുന്ന എന്തോ ദ്രാവകം ഒഴിച്ച് അജ്ഞാതന്‍ തീയിട്ടത്. രണ്ടാമത്തെ ആക്രമണം നടക്കുന്നത് ബുധനാഴ്ചയാണ്. സിനിമയുടെ പ്രദര്‍ശനം നടക്കുന്നതിനിടെ പുറത്തു നിന്നാരോ തീയറ്ററിനു നേരെ പല തവണ നിറയൊഴിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊതു സുരക്ഷയ്ക്കു ഭീഷണിയാണെന്നു പറഞ്ഞാണ് ഈ ചിത്രങ്ങള്‍ രണ്ടിന്റെയും പ്രദര്‍ശനത്തിനു വിലക്കു വന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമ രംഗത്തെ ചേരിപ്പോരുകളോ ചിത്രത്തിലെ വയലന്‍സോ ആയിരിക്കാം സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. എന്തായാലും ഇതിന്റെയൊന്നും പേരില്‍ പൊതുസുരക്ഷ അപകടത്തിലാകാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നു തീയറ്ററുകള്‍ പറയുന്നു. രണ്ടു സംഭവത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്.
വയലന്‍സിന് ഉത്തരം വിലക്ക്, കാന്താരയ്ക്കും ഓജിക്കും കാനഡയില്‍ തീയറ്റര്‍ വിലക്ക്

