ഡാലസ്: ഇന്ത്യക്കാരനായ ഹോട്ടല്‍ മാനേജരെ അമേരിക്കയിലെ ഡാലസില്‍ കീഴ്ജീവനക്കാരന് വടിവാളിനു കഴുത്തറുത്തു കൊലപ്പെടുത്തി. കര്‍ണാടക സ്വദേശിയായ ചന്ദ്ര നാഗമല്ലയ്യ എന്ന അമ്പതുകാരനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് യോര്‍ഡാനിസ് കോബോസ് മാര്‍ട്ടിനെസ് എന്ന മുപ്പത്തേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോട്ടലിലെ വാഷിങ് മെഷീന് കേടായിരിക്കുന്നതിനാല് അതുപയോഗിക്കരുതെന്ന് തൊഴിലാളിയായ മാര്‍ട്ടിനെസിനോട് നാഗമല്ലയ്യ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ നേരിട്ട് നിര്ദേശിക്കുന്നതിനു പകരം മറ്റൊരു തൊഴിലാളിയോട് ഇക്കാര്യം പറഞ്ഞതിനു ശേഷം മാര്‍ട്ടിനെസിനു മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതു തീരെ ഇഷ്ടപ്പെടാതിരുന്ന മാര്‍ട്ടിനെസ് ഉടന്‍ ഒരു വടിവാളുമായി വന്ന് നാഗമല്ലയ്യയെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ നാഗമല്ലയ്യ ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഭാഗത്തുള്ള കാര്പാര്ക്കിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഈ രംഗം കണ്ട് നാഗമല്ലയ്യയുടെ ഭാര്യയും മകനും ഫ്രണ്ട് ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോള്‍ പുറത്തേക്കു പോയ മാര്‍ട്ടിനെസ് വീണ്ടും തിരിച്ചെത്തി നാഗമല്ലയ്യയുടെ തല വെട്ടി വേര്‍പെടുത്തിയ ശേഷം തൊഴിച്ചു തെറിപ്പിച്ചു. ഇതിനു ശേഷം അതേ തലതന്നെയെടുത്ത് ചവറുകൂനയില്‍ കൊണ്ടിടുകയും ചെയ്തു. അതിനുശേഷം വീണ്ടും പുറത്തേക്കു പോകുന്നതിനിടെ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
മാര്‍ട്ടിനെസ് ഇതിനു മുമ്പ് ഹൂസ്റ്റണില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തും ഇയാളുടെ പേരില്‍ വാഹനമോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് വെളിപ്പെടുത്തി.
ഇന്ത്യക്കാരനായ ഹോട്ടല്‍ മാനേജരെ അമേരിക്കയില്‍ തലവെട്ടി കൊലപ്പെടുത്തി
