മെല്‍ബണ്‍: പഠനത്തിനൊപ്പം ജോലികൂടി ചെയ്തു കുടുംബം പുലര്‍ത്തുകയും പഠനം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രഭ്‌ജോത് സിങ്ങാണ് മരിച്ചത്. വടക്കന്‍ മെല്‍ബണില്‍ ക്ലീന്‍ എവേ എന്ന പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രത്തിലായിരുന്നു ഇയാള്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്നത്. ജോലിക്കു ശേഷം കെട്ടിടത്തിന്റെ പ്രധാന വാതില്‍ അടയ്ക്കുന്നതിനിടെ അലക്ഷ്യമായി പിന്നിലേക്കെടുത്ത ട്രക്ക് പ്രഭ്‌ജോതിനെ പുറംഭിത്തിക്കുചേര്‍ത്ത് ഇടിച്ചു ഞെരുക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ഇയാള്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഓസ്‌ട്രേലിയയില്‍ ഉന്നത പഠനത്തിനായി മൂന്നു വര്‍ഷം മുമ്പാണ് പ്രഭ്‌ജോത് എത്തുന്നത്. അന്നുമുതല്‍ ഇവിടെത്തന്നെയായിരുന്നു ജോലി ചെയ്തിരുന്നതും. അപകടവിവരം പുറത്തറിഞ്ഞയുടന്‍ അടിന്തര സഹായ വിഭാഗം എത്തിച്ചേര്‍ന്നുവെങ്കിലും പ്രയോജനമുണ്ടായില്ല. സഹപാഠികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു പ്രഭ്‌ജോത്. മൃതശരീരം സ്വദേശത്തേക്കു കൊണ്ടുപോകുന്നതിനായി സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ഇയാളുടേത്. പഠനത്തിനൊപ്പം ചെയ്യുന്ന ജോലിയില്‍ നിന്നു മിച്ചം വയ്ക്കുന്ന പണമായിരുന്നു ഇയാളുടെ കുടുംബത്തിന്റെ വരുമാനമാര്‍ഗം. മെല്‍ബണിലെ ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിനിടയിലും ഏറെ സജീവമായിരുന്നു ഇയാള്‍. ഈ സംഭവത്തെക്കുറിച്ച് വര്‍ക്കസേഫ് വിക്ടോറിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ഹരിയാന സിര്‍സയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പാര്‍ട് ടൈം ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം

