തോന്നിയ പോലെ ട്രക്ക് വട്ടം തിരിച്ച് ഇന്ത്യന്‍ ഡ്രൈവര്‍. 3 മരണം, അതുകൊണ്ടും തീര്‍ന്നില്ല

ഫ്‌ളോറിഡ: ഇന്ത്യക്കാരന്‍ വണ്ടിയുമായി വഴിയിലിറങ്ങിയാല്‍ ലോകത്തെവിടെയാണെങ്കിലും ഒരുപോലെയെന്നു പറയാറുള്ളത് അമേരിക്കയില്‍ ശരിയായി. മൂന്നു ജീവനാണ് ഇന്ത്യന്‍ വംശജനായ ഹര്‍ജിന്ദര്‍ സിംഗിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലും റോഡില്‍ പൊലിഞ്ഞത്. അതു കൊണ്ടും തീര്‍ന്നില്ല, പോലീസ് പരിശോധനയില്‍ ഡ്രൈവര്‍ 2018 മുതല്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നയാളാണെന്നു കണ്ടെത്തി. ഇനിയെന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്നു കണ്ടറിയണം. മെക്‌സിക്കോ അതിര്‍ത്തി വഴി അനധികൃതമായി ഇയാള്‍ ഏഴു വര്‍ഷം മുമ്പ് അമേരിക്കയിലെത്തുകയായിരുന്നു. ട്രെയിലര്‍ ട്രക്ക് ഓടിച്ചാണ് ജീവിക്കുന്നത്.
ഹൈവേയില്‍ യുടേണ്‍ അനുവദിക്കാത്തിടത്ത് മീഡിയനില്ലാത്ത സാഹചര്യം മുതലെടുത്ത് ഇയാള്‍ ട്രക്ക് വട്ടം തിരിക്കുകയായിരുന്നു. ഡ്രൈവര്‍ കാബിനില്‍ നിന്നു വേറിട്ട് നില്‍ക്കുന്ന ട്രെയിലിങ് ലോങ് ബോഡി മുഴുവന്‍ തിരിഞ്ഞു തീരുന്നതിനു മുമ്പ് മൂന്നു പേരുമായി വന്ന മിനിവാന്‍ അവിടേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു യാത്രക്കാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ആശുപത്രിയിലെത്തിയ ശേഷം മരണത്തിനു കീഴടങ്ങി. ഹര്‍ജിന്ദര്‍ സിംഗ് പോലീസ് പിടിയിലാണ്.