ഹാപ്പി ബര്‍ത്ത്‌ഡേ ഹോക്കി, ഇന്ത്യന്‍ ഹോക്കിക്ക് ഈ വര്‍ഷം നൂറു തികയുന്നു, ഇന്ത്യയുടെ കുത്തകയായിരുന്ന കളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിക്ക് ഈ വര്‍ഷം നൂറു വയസു തികയുകയാണ്. 1925 നവംബറില്‍ ഗ്വാളിയറില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ രൂപീകൃതമായതു മുതലാണ് ഇന്ത്യയില്‍ ഹോക്കിക്ക് സംഘടിതമായ രൂപമുണ്ടാകുന്നത്. നൂറാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷനായ ഹോക്കി ഇന്ത്യ.

ഒളിമ്പിക്‌സില്‍ ഇന്ത്യ കൈവരിച്ച തങ്കത്തിളക്കമുള്ള നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു കാലത്ത് ഹോക്കി മാത്രമാണുണ്ടായിരുന്നത്. ഒന്നും രണ്ടുമല്ല, എട്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയത് ഹോക്കിയില്‍ മാത്രമായിരുന്നു. ധ്യാന്‍ ചന്ദും ബല്‍ബീര്‍ സിംഗും ഉദ്ധം സിംഗും ലെസ്ലി ക്ലോഡിയസും അസ്ലം ഷേര്‍ ഖാനും മാനുവല്‍ ഫ്രെഡറിക്കും പോലെയുള്ള ലോകോത്തര കളിക്കാരെ സംഭാവന ചെയ്യാനും ഇന്ത്യന്‍ ഹോക്കിക്കു സാധിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം ഹോക്കി മത്സരങ്ങളാണ് ഹോക്കി ഇന്ത്യ സംഘടിപ്പിക്കുന്നത്.

1928ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സിലാണ് ഇന്ത്യ ആദ്യമായി ഹോക്കിയില്‍ സ്വര്‍ണം നേടുന്നത്. അതിനു കൃത്യം മൂന്നു വര്‍ഷം മാത്രം മുമ്പായിരുന്നു ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ രൂപീകൃതമാകുന്നത്. അവിടുന്നങ്ങോട്ട് ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. എട്ടു സ്വര്‍ണ മെഡലുകളും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ ആറ് ഒളിമ്പിക്‌സുകളില്‍ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *