ദുബായ്: യുഎഇയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഒക്ടോബര്‍ 28 മുതല്‍ ചിപ് അധിഷ്ഠിത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അറിയിച്ചു. ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം വഴിയായി അപേക്ഷിക്കുന്നവര്‍ക്കാണ് ഇത്തരം പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. ഇതോടെ പാസ്‌പോര്‍ട്ട് സംബന്ധമായ എല്ലാ ഇടപാടുകളും അതിവേഗത്തിലും ലോകമെമ്പാടും അംഗീകരിക്കുന്ന രീതിയിലും പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ പൗരന്‍മാര്‍ക്കു സാധിക്കും.
പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ആധുനീകരിക്കുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമാണ് ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം. (ജിപിഎസ്പി-2.0). ഒക്ടോബര്‍ 28 മുതല്‍ പാസ്‌പോര്‍ട്ട് സംബന്ധമായ എല്ലാ അപേക്ഷകളും പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍, പുതുക്കലിനും മറ്റു സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ എന്നിവയെല്ലാം ഈ പോര്‍ട്ടല്‍ വഴിയായിരിക്കും സ്വീകരിക്കുക. ഇതിനുള്ള ലിങ്ക് ചുവടെ.
https://mportal.passportindia.gov.in/gpsp/AuthNavigation/Log-in
പാസ്‌പോര്‍ട്ട് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ചിപ്പ് ഘടിപ്പിച്ചതാണ് പുതിയ ഇ പാസ്‌പോര്‍ട്ട്. രാജ്യാന്തര ബയോമെട്രിക് മാനദണ്ഡങ്ങള്‍ക്കു നിരക്കുന്ന വിധത്തിലാണ് ഈ ചിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതു വഴി ലോകത്തിലെ പ്രധാന വിമാനത്താവളങ്ങളിലും മറ്റും അനായാസം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉടമകള്‍ക്കു സാധിക്കുന്നു. ഇന്റര്‍നാഷണല്‍ സിവിള്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ക്കും നിരക്കുന്ന രീതിയിലാണ് ഇതില്‍ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും മെഷീനില്‍ വായിക്കാന്‍ സാധിക്കുന്ന വിധത്തിലാണിവയുള്ളത്. ഉടമയുടെ ചിത്രവും ഇതേ രീതിയില്‍ തന്നെയുള്ളതായിരിക്കും.

