പ്രവാസികളുടെ നിക്ഷേപശീലം മാറുന്നു, എഫ്‌സിഎന്‍ആര്‍ നിക്ഷേപം കുത്തനെ കുറയുന്നു

കൊച്ചി: പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ത്രൈമാസത്തില്‍ വിവിധ എന്‍ആര്‍ഐ നിക്ഷേപ പദ്ധതികളിലേക്ക് ആകെ ലഭിച്ചത് 470 കോടി ഡോളര്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ നിക്ഷേപം 580 കോടി ഡോളറായിരുന്നു. ആകെ 110 ഡോളറിന്റെ ഗണ്യമായ കുറവാണ് നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (എഫ്‌സിഎന്‍ആര്‍) നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് മൊത്തം നിക്ഷേപത്തിലെ കുറവായി മാറിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (എഫ്‌സിഎന്‍ആര്‍), നോണ്‍ റെസിഡന്റ് എക്‌സ്‌റ്റേണല്‍ (എന്‍ആര്‍ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഓ) എന്നിവയാണ് പ്രധാന പ്രവാസി നിക്ഷേപ പദ്ധതികള്‍. ഇവയില്‍ ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ത്രൈമാസത്തില്‍ 280 കോടി ഡോളര്‍ നിക്ഷേപമായി എത്തിയിരുന്നിടത്ത് ഇക്കൊല്ലത്തെ ആദ്യ ത്രൈമാസത്തില്‍ എത്തിയിരിക്കുന്നത് 77.2 കോടി ഡോളര്‍ മാത്രമാണ്. പ്രവാസി മലയാളികളുടെ നിക്ഷേപ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റമായി ഇതു വിലയിരുത്തപ്പെടുന്നു. സ്വദേശത്തിനു പകരം വിദേശത്തു തന്നെ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനു പ്രവാസികള്‍ മുന്‍ഗണന കൊടുക്കുന്നതായാണ് ഇതിനെ വിലയിരുത്തുന്നവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *