ജന്‍ സി പ്രക്ഷോഭത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരു രക്തസാക്ഷി, തീര്‍ഥാടകയായ വീട്ടമ്മ

ഗാസിയാബാദ്: നേപ്പാളില്‍ തീര്‍ത്ഥാടനത്തിനുപോയ ഇന്ത്യക്കാരിക്ക് ജന്‍ സി പ്രക്ഷോഭത്തിനിടെ ദാരുണാന്ത്യം. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോയ രാജേഷ് ഗോലയാണ് മരിച്ചത്. അവരും കുടുംബവും താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് പ്രക്ഷോഭകാരികള്‍ തീവെച്ചപ്പോള്‍ രക്ഷപെടാനായി നാലാം നിലയില്‍ താഴേക്കു ചാടിയതാണ് ഇവര്‍ക്കു മരണകാരണമായത്. ഭര്‍ത്താവ് രാം വീര്‍ സിങ്ങും ചാടിയെങ്കിലും ജീവാപായമുണ്ടായില്ല. പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്റ്റംബര്‍ 7നാണ് ദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിനായി നേപ്പാളിലെത്തിയത്. എന്നാല്‍ സെപ്റ്റംബര്‍ 9ാം തീയതി അക്രമികള്‍ അവരുടെ ഹോട്ടലിന്റെ താഴത്തെ നിലയ്ക്കു തീയിട്ടപ്പോള്‍ മെത്തയും കര്‍ട്ടനുമുപയോഗിച്ച് താഴേക്കുചാടി രക്ഷപെടാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ വീണു പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിഷേധം പ്രക്ഷോഭത്തിനു വഴിമാറിയപ്പോള്‍, അക്രമികള്‍ നേപ്പാള്‍ പാര്‍ലമെന്റിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും നിരവധി പൊതുസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തരയോടെ രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സാധിച്ചു. അക്രമികള്‍ ഹോട്ടലിലേയ്ക്ക് ഇടിച്ചുകയറി തീയിട്ടപ്പോള്‍ ജനല്‍പ്പാളി പൊട്ടിച്ച് അമ്മയെ രക്ഷപെടുത്താന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ താഴേക്കിറങ്ങുന്നതിനിടെ അമ്മയ്ക്കു പിടിവിട്ടുപോവുകയും താഴേക്കു വീഴുകയുമായിരുന്നുവെന്ന് മൂത്തമകന്‍ വിശാല്‍ പറഞ്ഞു. രണ്ടുദിവസം അവരെപ്പറ്റി തങ്ങള്‍ക്കു വിവരമൊന്നും ലഭിച്ചില്ലെന്നും പിന്നീട് തന്റെ അച്ഛനെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ടെത്തുകയായിരുന്നെന്നും വിശാല്‍ വെളിപ്പെടുത്തി. എന്നാല്‍ അതിനുള്ളില്‍ തന്റെ അമ്മ മരണത്തിനു കീഴടങ്ങിയിരുന്നു. ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തില്‍ ഇന്ത്യന്‍ എംബസിയില്‍നിന്നു കാര്യമായ സഹകരണമൊന്നും ഉണ്ടായില്ലെന്നും വിശാല്‍ ആരോപിച്ചു.
നേപ്പാളിലകപ്പെട്ടുപോയ ഇന്ത്യക്കാരായ തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്കു തിരിച്ചെത്താന്‍ ഗവണ്‍മെന്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാജ്ഗഞ്ചിലുള്ള ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നവരുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനസര്‍ക്കാരുകളും അതതു സംസ്ഥാനങ്ങളില്‍നിന്നും നേപ്പാളില്‍ അകപ്പെട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.