കാര്‍ കടത്തിനു പിന്നില്‍ അതിശക്തമായ ഭൂട്ടാന്‍ റാക്കറ്റ്, ഇന്ത്യയില്‍ അവര്‍ക്ക് ഏജന്റുമാര്‍

കൊച്ചി: ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്തായി ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങള്‍ എത്തിക്കുന്നതിനു വേണ്ട സഹായമെത്തിക്കുന്നതിന് ഇരുരാജ്യങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു. എല്ലാ വാഹനങ്ങളും ഇന്ത്യയിലേക്ക് ഓടിച്ചു കൊണ്ടുവരികയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇതിനായി എന്‍ഓസികള്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയിരുന്നത് ഭൂട്ടാനിലെ റാക്കറ്റായിരുന്നത്രേ. പിടികൂടിയ വാഹനങ്ങളൊക്കെ ഇത്തരം എന്‍ഓസികളുടെ ബലത്തിലാണ് ഇന്ത്യയിലെത്തിച്ചിരുന്നത്.
ഇതിനു പിന്നില്‍ ഭൂട്ടാനിലെ ഒരു പൗരനും ഭൂട്ടാന്‍ കരസേനയിലെ മുന്‍ ഉദ്യോഗസ്ഥനും അവിടെയുള്ള ഒരു വാഹന ഡീലറുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ട്രക്കുകളിലായിരുന്നു വാഹനം സൗകര്യപ്രദമായ സംസ്ഥാനത്തെത്തിച്ചിരുന്നത്. അവിടെ ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ അനധികൃതമായി ഒപ്പിക്കുന്നതിന് സഹായമെത്തിച്ചിരുന്നത് ഈ റാക്കറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് ഉള്‍പ്പെട്ടിരുന്നവരാണ്. അതിനു ശേഷം ഇന്ത്യന്‍ രജിസ്‌ട്രേഷനോടു കൂടിയാണ് അവസാനത്തെ കസ്റ്റമര്‍മാരായ ധനികര്‍ക്കും സിനിമ താരങ്ങള്‍ക്കും വാഹനമെത്തിച്ചിരുന്നത്. രേഖകളൊക്കെയുള്ളതാണെന്ന ധാരണയാണ് അവസാനം ഇതു വാങ്ങുന്ന എല്ലാവര്‍ക്കുമുണ്ടായിരുന്നതെന്ന് കസ്റ്റംസ് കരുതുന്നു. ഈ റാക്കറ്റിനെ പൂട്ടാനുള്ള പദ്ധതിയാണ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്നത്.
ഇതോടെ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പും കടുത്ത ജാഗ്രതിയിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു റീരജിസ്‌ട്രേഷന് എത്തിക്കുന്ന വാഹനങ്ങളില്‍ പഴയ ഉടമയുടെ വിവരങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.