ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനിയാര് സ്‌പോണ്‍സര്‍, രണ്ടു വമ്പന്‍മാര്‍ രംഗത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ സ്‌പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐ രംഗത്ത്. ആളെ കിട്ടാത്തതല്ല പ്രശ്‌നം, മുന്നോട്ടു വന്ന് ഇടിച്ചിടിച്ചു നില്‍ക്കുന്ന രണ്ടുപേരില്‍ ആരെ തിരഞ്ഞെടുക്കുമെന്നതാണ്. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും വാതുവയ്പും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ നിലവിലെ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ സ്‌പോണ്‍സറെ കണ്ടെത്തേണ്ട ഉത്തരവാദിത്വം ബിസിസിഐക്കു വന്നത്.
സെപ്റ്റംബര്‍ ഒമ്പതിന് ഏഷാ കപ്പ് ക്രിക്കറ്റാണ് ഇന്ത്യന്‍ ടീം ഇനി ഉടനെ കളിക്കേണ്ടത്. അതിനു മുമ്പായി പുതിയ സ്‌പോണ്‍സറെ തീരുമാനിച്ചേ തീരൂ. അതിനാലാണ് കൊണ്ടുപിടിച്ച ആലോചന നടക്കുന്നത്. പുതിയ സ്‌പോണ്‍സറായി വരേണ്ടത് സ്ഥിരതയുള്ള കമ്പനിയായിരിക്കണമെന്നതാണ് ഇത്തവണ പ്രധാനമായും പരിഗണന കൊടുത്തിരിക്കുന്ന കാര്യം. ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ജിയോ ആണ് സ്‌പോണ്‍സര്‍ഷിപ്പ് റൈറ്റ്‌സിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതില്‍ ഒരു കമ്പനി. ഇക്കാര്യത്തില്‍ ജിയോയുമായി മത്സരിച്ച് രംഗത്തുള്ള ടൊയോട്ട മോട്ടോഴ്‌സാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2023ലാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍മാരായി രംഗത്തു വരുന്നത്. 358 കോടി രൂപയ്ക്കായിരുന്നു അവര്‍ സ്‌പോണ്‍സര്‍ഷിപ്പ് റൈറ്റ്‌സ് എടുത്തിരുന്നത്. കാലാവധി തീരുന്നതിനു മുമ്പായി കരാറില്‍ നിന്നു പിന്‍മാറിയെങ്കിലും ഇവര്‍ നഷ്ടപരിഹാരമൊന്നും നല്‍കേണ്ടതായി വരില്ല. കാരണം, കേന്ദ്ര ഗവണ്‍മെന്റിന്റെ നയംമാറ്റം മൂലം ഇവരുടെ വാണിജ്യ പ്രവര്‍ത്തനത്തിനു തടസം വന്നതിനാലാണ് പിന്‍മാറുന്നത്. ഇത്തരം സാഹചര്യത്തില്‍ നഷ്ടപരിഹാരത്തില്‍ നിന്നു രക്ഷ നേടാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.