ന്യൂഡല്‍ഹി: ഇനി മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലുപേരെ വരെ ചേര്‍ക്കുന്നതിനു സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഈ രീതി നിലവില്‍ വരും. നിലവില്‍ ഒരു അവകാശിയെ മാത്രമാണ് നോമിനേറ്റ് ചെയ്യാന്‍ നിയമപ്രകാരം സാധിക്കുന്നത്. ഇക്കൊല്ലം ഭേദഗതി ചെയ്ത ബാങ്കിങ് നിയമങ്ങള്‍ നവംബര്‍ ഒന്നിനു നിലവില്‍ വരുന്നതോടെയാണ് ഈ മാറ്റം സാധിക്കുന്നത്. ഇതോടെ അവകാശികള്‍ക്കിടയില്‍ സ്വത്ത് വീതം വയ്ക്കുന്ന കാര്യത്തില്‍ കുറേക്കൂടി വ്യക്തത കൊണ്ടുവരുന്നതിനു സാധിക്കും.
അക്കൗണ്ട് ഉടമ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവകാശികളെ നിശ്ചയിക്കുന്നതിനൊപ്പം ഓരോ അവകാശിക്കും എത്ര ശതമാനം വീതം തുകയ്ക്ക് അവകാശമുണ്ടായിരിക്കുമെന്ന് ബാങ്കിനെ അറിയിക്കാനും സാധിക്കും. ഇങ്ങനെ അവകാശത്തിന്റെ തോത് നിശ്ചയിക്കുന്നില്ലെങ്കില്‍ ആദ്യ അവകാശിക്കായിരിക്കും ആദ്യ അവകാശം ലഭിക്കുക. അതിനു ശേഷം മാത്രമായിരിക്കും അടുത്ത അവകാശിയിലേക്ക് അവകാശമെത്തുക. ഈ രീതിയില്‍ അവസാനത്തെ അവകാശിക്കു വരെ അക്കൗണ്ട് ഉടമയുടെ മരണ ശേഷം സ്വത്തിന് നിയമപ്രകാരം ക്ലെയിം ലഭിക്കും. അക്കൗണ്ട് ഉടമയുടെ താല്‍പര്യമനുസരിച്ച് നിക്ഷേപം തുടങ്ങുന്ന സമയത്തോ ഇടയക്ക് എപ്പോള്‍ വേണമെങ്കിലുമോ അവകാശികളെ നിശ്ചയിക്കാനാവും. അതുപോലെ അവകാശികളെ മാറ്റി മറ്റൊരാളെ നിശ്ചയിക്കുന്നതിനും സാധിക്കും. രക്തബന്ധമുള്ളവരെ തന്നെ അവകാശികളായി നിശ്ചയിക്കണമെന്നുമില്ല.
ഇതേ സൗകര്യം ബാങ്ക് ലോക്കറുകളുടെ കാര്യത്തിലും ലഭിക്കും. അക്കൗണ്ട് ഉടമ മരിച്ചുകഴിഞ്ഞാല്‍ തുക അവകാശികളിലെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ഈ ഭേദഗതികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ അവസ്ഥയില്‍ അക്കൗണ്ട് ഉടമയും അവകാശിയും ഒന്നിച്ചു മരിക്കുന്ന സാഹചര്യം വന്നാല്‍ അക്കൗണ്ടിലും ലോക്കറിലുമുള്ള സമ്പാദ്യം ജീവനോടെയിരിക്കുന്നവര്‍ക്കു ലഭിക്കണമെങ്കില്‍ കടമ്പകളേറെയാണ്. ഈ സാഹചര്യമാണ് പുതിയ രീതിയില്‍ ഇല്ലാതാകുന്നത്.

