ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ബ്രിസ്‌ബേനിലെ ഗാബയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ നാലു മത്സരങ്ങളിലെ ലീഡിന്റെ മികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇന്നലെ മത്സരം തുടങ്ങി 4.5 ഓവറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇടിമിന്നലോടു കൂടി മഴയെത്തിയത്. അതോടെ കളി തടസപ്പെട്ടു. മഴ ശമിക്കുന്നതിനു പകരം കനക്കുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്. ഒടുവില്‍ കളി പുനരാരംഭിക്കാനാവില്ലെന്നു വ്യക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് മഴയുടെ ശമനത്തിനായി കാത്തിരുന്നത്. അങ്ങനെ ഈ പരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങള്‍ മഴയുടെ ഇരകളായി മാറി. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യ ജയിക്കുകയും ഒരെണ്ണം ഓസ്‌ട്രേലിയ വിജയിക്കുകയുമായിരുന്നു.
ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യ മഴ കളി തടസപ്പെടുത്തുന്നതിനു മുമ്പ് മികച്ച തുടക്കമാണ് കുറിച്ചിരുന്നത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന കൂട്ടുകെട്ട് 29 പന്തുകളെയാണ് ആകെ നേരിട്ടത്. അതില്‍ നിന്നു മാത്രം അമ്പത്തിരണ്ട് റണ്‍സാണ് നേടിയത്. ഇരുവരും മികച്ച ഫോമിലേക്കുയരുന്നതിനിടെയാണ് മഴ വില്ലനായെത്തുന്നത്.
ഇതിനിടെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി അഭിഷേക് ശര്‍മ ലോക റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നിലവിലുണ്ടായിരുന്ന റെക്കോഡ് (573 പന്ത്) ഭേദിച്ചാണ് അഭിഷേക് ശര്‍മയുടെ നേട്ടം. അഭിഷേക് ശര്‍മ തന്നെയാണ് പ്ലേയര്‍ ഓഫ് ദി സീരീസ്.

