ഗോള്‍ഡ് കോസ്റ്റ്: നാലാം ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സാമാന്യം ഭേദപ്പെട്ടതെന്നു പറയാവുന്ന സ്‌കോര്‍ മാത്രമാണ് അടിച്ചെടുക്കാനായത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനു 168 റണ്‍സ് എന്ന വിജയലക്ഷ്യം അനായാസമെന്നു പൊതുവേ കരുതിയിരിക്കുമ്പോഴാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിശ്വരൂപം പുറത്തെടുക്കുന്നത്. ഓസീസ് പതറിപ്പോയെന്നു മാത്രമല്ല, 119 റണ്‍സിന് ഓള്‍ ഔട്ടായി. അപ്പോഴും ഇന്ത്യയ്ക്ക് എറിയാന്‍ പത്തു പന്തുകള്‍ ബാക്കിയുണ്ടായിരുന്നു.
ഈ വിജയത്തോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഒന്നിനെതിരേ രണ്ടു വിജയത്തിന് ഇന്ത്യ മുന്നിലെത്തി. ഇനി ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. അതു തോറ്റാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ആതിഥേയര്‍ അനായാസം ജയിക്കുമെന്നു കരുതിയിരുന്നതാണെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരാണ് കളിയുടെ ഗതി മാറ്റിയത്. നിര്‍ദാക്ഷിണ്യം ഓരോരുത്തരെയായി ഇന്ത്യന്‍ ചുണക്കുട്ടികള്‍ എറിഞ്ഞു വീഴ്ത്തി. അതില്‍ ഏറ്റവും മികച്ച പ്രകടനം വാഷിങ്ടന്‍ സുന്ദറിന്റെയായിരുന്നു. 1.2 ഓവറില്‍ വെറും മൂന്നു റണ്‍സിനു മാത്രം വഴങ്ങിക്കൊടുത്ത് മൂന്നു വിക്കറ്റാണെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

