വെസ്റ്റ് ഇന്‍ഡീസിനു ദയനീയ തോല്‍വി, ഇന്ത്യന്‍ ജയം ഒരു ഇന്നിങ്‌സ് 140 റണ്‍സിന്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിംഗ്‌സ്-140 റണ്‍സ് മാസ്മരിക വിജയം. അടുത്ത കാലത്ത് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ള ഏറ്റവും തിളക്കമാര്‍ന്ന വിജയമാണിത്. മത്സരത്തിന്റെ മൂന്നാം ദിവസം 45.1 ഓവറില്‍ വെറും 146 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ഔട്ടാക്കിയതോടെയാണ് വിജയം ഇന്ത്യയുടെ കൈപ്പിടിയിലൊതുങ്ങിയത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു വിജയത്തിന് ഇന്ത്യ മുന്നിലാണ്. സ്പിന്‍ ബൗളിങ്ങിനെ അളവറ്റു തുണച്ച ക്രീസില്‍ ഇന്ത്യയുടെ അതിശക്തമായ ഏറിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചതേയില്ല. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ വീഴ്ത്തിയ നാലു വിക്കറ്റുകള്‍ കൂടിയെണ്ണിയാല്‍ ഈ മാച്ചില്‍ സിറാജ് തനിച്ചു വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയതിനു പുറമെ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തുക കൂടി ചെയ്ത ജഡേജയാണ് മാന്‍ ഓഫ്ദി മാച്ച്.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 286 റണ്‍സിന്റെ മികച്ച ലീഡിലായിരുന്ന ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് വിന്‍ഡീസ് ഇന്നു ബാറ്റിങ്ങിനിറങ്ങുന്നത്. ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സിന് ഓള്‍ഔട്ടായ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ അത്ര പോലുമെത്തിയില്ല. വെറും 146 റണ്‍സിന് ഓള്‍ ഔട്ടായി. അതേസമയം ആദ്യ ഇന്നിങ്‌സില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഒരു പോലെ സെഞ്ചുറി തികച്ചത്. രാഹുല്‍ (100), ധ്രുവ് ജുറേല്‍ (125), ജഡേജ (104). ഇതു മൂന്നാം തവണയാണ് ഒരു ടെസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചുറി തികയ്ക്കുന്നത്. ഇതിനു മുമ്പ് ഈ നേട്ടം രണ്ടു തവണയും നേടിയത് ഇംഗ്ലണ്ടിനെതിരേയായിരുന്നു.