നാലര ടണ്ണിന്റെ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ, ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം

തിരുവനന്തപുരം: നാലര ടണ്‍ തൂക്കം വരുന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് സാങ്കേതിക വിദ്യാരംഗത്തെ മികവ് വെളിവാക്കി ഇന്ത്യ. ഇന്ത്യ ഇന്നുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും തൂക്കമുള്ള ഉപഗ്രഹമാണിത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു വിക്ഷേപണം. സൈനിക വാര്‍ത്താവിനിമയത്തെ പ്രധാനമായും ഉദ്ദേശിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ബാഹുബലി എന്നു കൂടി അറിയപ്പെടുന്ന മാര്‍ക്ക് 3 എം5 റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയച്ചത്.

24 മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട് ഡൗണിനൊടുവിലാണ് 43.5 മീറ്റര്‍ നീളമുള്ള മാര്‍ക്ക് 3എം% റോക്കറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് ഇരുപതു മിനിറ്റിനുള്ളില്‍ സിഎംഎസ് 3 ഉപഗ്രഹം റോക്കറ്റില്‍ നിന്നു വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തി.

നാവിക സേനയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 3. ഇത്രയും കാലം സൈനിക വാര്‍ത്താവിനിമയത്തിന് ഉപയോഗിച്ചിരുന്ന ജിസാറ്റ്7 ന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. സൈനികാവശ്യത്തിനുള്ള ഉപഗ്രഹമായതിനാല്‍ ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഇക്കൊല്ലം നടത്തിയ രണ്ടു വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നതിനാല്‍ അതീവ ശ്രദ്ധയോടെയായിരുന്നു ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

Leave a Reply

Your email address will not be published. Required fields are marked *