ഒട്ടാവ: കാനഡയില്‍ നിന്നു നിര്‍ബന്ധപൂര്‍വം പുറത്താക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിക്കുന്നു. ഇപ്പോള്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെങ്കില്‍ ഇനി പുറത്താക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
2019ല്‍ 625 ഇന്ത്യക്കാരെയാണ് പുറത്താക്കിയതെങ്കില്‍ ഈ വര്‍ഷം ജൂലൈ വരെ മാത്രം 1891 ഇന്ത്യക്കാരെ നാടുകടത്തിക്കഴിഞ്ഞു. നിലവില്‍ ഒന്നാം സ്ഥാനം മെക്‌സിക്കോയ്ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണ്. കഴിഞ്ഞ വര്‍ഷം 1997 ഇന്ത്യക്കാരെ കാനഡ പുറത്താക്കിയെങ്കില്‍ 3683 മെക്‌സിക്കന്‍സിനെയും പുറത്താക്കി. കാനഡയില്‍ നിന്ന് കുറ്റാരോപിതരായ വിദേശ പൗരന്‍മാരെ നീക്കം ചെയ്യുന്നത് ജുഡീഷ്യല്‍ പ്രക്രിയയുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുകയാണിപ്പോള്‍. ഇതു പ്രകാരം പുറത്താക്കേണ്ടവരുടെ ലിസ്റ്റും തയാറായിക്കഴിഞ്ഞു. അതനുസരിച്ച് 6837 ഇന്ത്യക്കാര്‍ തിരികെ വിമാനം കയറേണ്ടിവരും. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് മെക്‌സിക്കന്‍സ്, 5170 പേര്‍.
വിദേശ രാജ്യങ്ങളില്‍ നിന്നു കാനഡയിലെത്തിയിരിക്കുന്ന ക്രിമിനലുകളെയാണ് ഇങ്ങനെ പുറത്താക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറയുന്നത്. എത്രയും പെട്ടെന്ന് ഇത്തരക്കാരെ ട്രാക്ക് ചെയ്തു പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. കാനഡയില്‍ വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ഫലമാണ് ഈ നടപടിയെന്നാണ് പല ഇന്ത്യക്കാരും പറയുന്നത്.

