പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇന്ത്യയുമായി നടന്ന ഏകദിനത്തിലെ നാണംകെട്ട തോല്‍വിയില്‍ ടീം സിലക്ടര്‍മാരുടെ പിഴവ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബാറ്റര്‍മാര്‍ വേണ്ടുവോളമുണ്ടെങ്കിലും ഇന്ത്യയ്ക്ക് നേടാനായത് വെറും 136 റണ്‍സ് മാത്രമായിരുന്നു. വേണ്ടത്ര ബൗളര്‍മാര്‍ക്ക് ടീമില്‍ ഇടംകൊടുക്കാഞ്ഞതിനെയാണ് അധികം പേരും വിമര്‍ശിക്കുന്നത്.
സിറാജ്, ആര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ മാത്രമാണ് ബൗളര്‍മാരായി ടീമിലുള്ളത്. ഇവര്‍ക്കു പുറമെ പന്ത് എറിയാനറിയാവുന്നത് ഓള്‍റൗണ്ടര്‍മാരായി വന്ന നിതീഷ്‌കുമാര്‍ റെഡ്ഡിക്കും വാഷിങ്ടന്‍ സുന്ദറിനും അക്‌സര്‍ പട്ടേലിനുമാണെങ്കിലും കാര്യമായി ഒന്നും ആദ്യ മാച്ചില്‍ ചെയ്യാനായതേയില്ല. നല്ല ഒരു സ്പിന്നറുടെ അസാന്നിധ്യമാണ് ഏറ്റവും ചര്‍ച്ചയാകുന്ന കാര്യം. സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്ന പിച്ചില്‍ അതിന്റെ പ്രയോജനമെടുക്കാന്‍ ഒരാളില്ലാതെ പോയതാണ് ഇന്ത്യയ്ക്കു വിനയായതെന്ന മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ വിമര്‍ശനത്തിന്റെ ചുവടു പിടിച്ചാണ് എല്ലാവരും വിമര്‍ശനവുമായി കളം പിടിച്ചത്.
ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ കുല്‍ദീപ് യാദവിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാകുമായിരുന്നെന്നാണ് അശ്വിന്റെ വാദം. സ്പിന്നര്‍മാരുടെ മികവിന്റെ ബലത്തിലാണ് ഇന്ത്യയെ ഏറ്റവും താഴ്ന്ന നിലയില്‍ തന്നെ എതിരാളികള്‍ക്ക് കുടുക്കാനായതെന്നും പറയുന്നവരുണ്ട്.

