ടോക്യോ: ആറുവര്‍ഷത്തിനിടെ ആദ്യമായി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു വെറുംകൈയോടെ ഇന്ത്യയുടെ മടക്കം. മെഡല്‍ പ്രതീക്ഷകളായ പല താരങ്ങളും ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും ആദ്യ മൂന്നില്‍ പോലും എത്താനായില്ല. ഇന്ത്യ ഏറ്റവുമധികം മെഡല്‍ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നത് ജാവലിന്‍ ത്രോയിലായിരുന്നു. ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ടോക്യോയിലും അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും എട്ടാം സ്ഥാനമാണ് നീരജിനു നേടാനായത്. ഫൈനല്‍ റൗണ്ടിലെ അവസാന രണ്ട് ഏറുകള്‍ എറിയാനുള്ള ചാന്‍സ് പോലും ലഭിച്ചതുമില്ല.യ
ആകെക്കൂടി ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത് ഭാവിയിലേക്ക് പ്രതീക്ഷയാകാനുള്ള ഏതാനും താരങ്ങളെ കണ്ടെത്താനായി എന്നതില്‍ മാത്രമാണ്.
ജാവലിനില്‍ നാലാം സ്ഥാനത്തെത്തിയ സച്ചിന്‍ യാദവാണ് അക്കൂടെ എടുത്തു പറയേണ്ട പേര്. നീരജിനെ മാത്രമല്ല, നിലവിലെ ഒളിമ്പിക് മെഡല്‍ ജേതാവ് അര്‍ഷാദ് നദീമിനെയും പിന്നിലാക്കാന്‍ സച്ചിനു കഴിഞ്ഞു എന്നതു നിസാരമല്ല. ഫൈനല്‍ റൗണ്ടില്‍ സച്ചിന്‍ എറിഞ്ഞ എല്ലാ ഏറുകളും ഒന്നിനൊന്നു മികച്ചു നിന്നു. 86. 27 മീറ്റര്‍ എന്ന വലിയ ലക്ഷ്യം നേടാനാകുകയും ചെയ്തു. വളരെ ചെറിയ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്ടമായത്. ഹൈജമ്പില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷരെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2.28 മീറ്റര്‍ ദൂരം ചാടിയ സര്‍വേഷ് ആറാം സ്ഥാനത്തെത്തി എന്നു മാത്രമല്ല ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഹൈജമ്പില്‍ അവസാന റൗണ്ടിലേക്ക് യോഗ്യത നേടുന്ന താരമായി മാറുകയും ചെയ്തു.
ആറു വര്‍ഷത്തിനു ശേഷം ആദ്യമായി മെഡലൊന്നുമില്ലാതെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ മടക്കം.

