ന്യൂഡല്‍ഹി: താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന അമേരിക്കയിലേക്കുള്ള എല്ലാ തപാല്‍ സേവനങ്ങളും ബുധനാഴ്ച പുനരാരംഭിച്ചു. അമേരിക്കയിലെ കസ്റ്റംസ് ചട്ടങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്നായിരുന്നു ഓഗസ്റ്റ് 22 മുതല്‍ തപാല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള തപാല്‍ സേവനങ്ങള്‍ക്ക് 50 ശതമാനം താരിഫ് ആയിരിക്കും ബാധകമാകുക. കൊറിയറുകള്‍, വാണിജ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമായിരിക്കും ട്രംപ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ബാധകമാകുക.
തപാല്‍ വഴി അയയ്ക്കുന്ന ഉരുപ്പടികള്‍ കൃത്യമായ മേല്‍വിലാസത്തില്‍ എത്തിക്കുന്നതിന് അധിക ഫീസ് ബാധകമായിരിക്കില്ല. എന്നാല്‍ കൊറിയറുകള്‍ക്കും വലിയ വസ്തുക്കള്‍ക്കും ഉയര്‍ന്ന താരിഫ് നല്‍കേണ്ടിയും വരും. ഇക്കാര്യത്തില്‍ തീരുമാനമായതോടെയാണ് സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തപാല്‍ വകുപ്പ് തയാറായത്. കത്തുകള്‍ക്കും മറ്റും പഴയ നിരക്ക് മാത്രമായിരിക്കും ഈടാക്കുക. എക്‌സ്പ്രസ് മെയില്‍ സര്‍വീസ്, എയര്‍ പാഴ്‌സലുകള്‍, രജിസ്റ്റേഡ് തപാലുകള്‍ എന്നിവ അമേരിക്കയിലേക്ക് ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും ഇനി അയയ്ക്കാവുന്നതാണെന്ന് കേന്ദ്ര ഗവണ്‍മെന്റ് വ്യക്തമാക്കി.

