പൊതുമേഖലാ ബാങ്കുകളിലെ വിദേശ ഓഹരി നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്രം, 20% ല്‍ നിന്ന് 49% ആക്കിയേക്കും

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന പരിധി 49 ശതമാനമാക്കി ഉയര്‍ത്താനുള്ള ആലോചനയില്‍ കേന്ദ്ര ഗവണ്‍മെന്റ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഓഹരി 51 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയാകും വിദേശ നിക്ഷേപം അനുവദിക്കുക. അതിനാണ് പരമാവധി 49 ശതമാനമെന്നു നിശ്ചയിക്കാനുള്ള തീരുമാനം. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസങ്ങളില്‍ റിസര്‍വ് ബാങ്കുമായി കേന്ദ ധനകാര്യ മന്ത്രാലയം വിവിധ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വിദേശത്തെ കരുത്തരായ പല ധനകാര്യ സ്ഥാപനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫെഡറല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിയിരുന്നതാണ്. സ്വകാര്യ, ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ഇത്രയും വിദേശ നിക്ഷേപം ലഭിക്കുമെങ്കില്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അതിലേറെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ധന വകുപ്പിനുള്ളത്.

നിലവില്‍ പൊതു മേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഇരുപതു ശതമാനമാണ്. അതേ സമയം സ്വകാര്യ ബാങ്കുകളില്‍ 75 ശതമാനം വരെ നിക്ഷേപിക്കുന്നതിന് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.