ദുബായ്: ഒരാഴ്ചയുടെ ഇടവേള കൃത്യം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ക്രീസില്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ ഞായറാഴ്ചയിലെ ഇന്ത്യ പാക് മത്സരത്തില്‍ ക്രീസിലിറങ്ങിയ കളിക്കാര്‍ക്കും ക്യാപ്റ്റനുമൊന്നും മാറ്റമില്ലാതെ വീണ്ടും ഏറ്റുമുട്ടുന്നതിന് 21ാം തീയതി ഞായറാഴ്ച ഇരുടീമുകളും വീണ്ടും ഇറങ്ങുമ്പോള്‍ ആകെ അറിയാനുള്ളത് കളിയും തനിയാവര്‍ത്തനമായിരിക്കുമോ എന്നു മാത്രമാണ്. കഴിഞ്ഞ കളി അതിന്റെ ജയതോല്‍വികള്‍ക്കപ്പുറം ശ്രദ്ധ പിടിച്ചുപറ്റിയത് കൈകൊടുക്കല്‍ വിവാദത്തിന്റെ പേരിലും അതിന്റെ തുടര്‍ മുഴക്കങ്ങള്‍ പോലെ റഫറിക്കെതിരേ പാക്കിസ്ഥാന്റെ പരാതിയുടെയും ബഹിഷ്‌കരണ ഭീഷണിയുടെയുമൊക്കെ പേരിലായിരുന്നു.
ഇക്കുറി ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് എയില്‍ തന്നെയായിരുന്നു ഉള്‍പ്പെട്ടിരുന്നത്. അതില്‍ ആദ്യ കളിയാണ് 14ന് നടന്നത്. അ കളിയില്‍ ഇന്ത്യ ആധികാരികമായി ഏഴു വിക്കറ്റിനു വിജയിച്ചുവെങ്കിലും അതിലേറെ വാര്‍ത്തകളില്‍ നിറഞ്ഞത് വേറെ വിവാദങ്ങളായിരുന്നെന്നു മാത്രം. മത്സരശേഷം കളിമര്യാദകളനുസരിച്ച് ഇരു ടീമുകളും അന്യോന്യം കൈകൊടുത്തു പിരിയുന്നതാണ് രീതിയെങ്കിലും ഇന്ത്യ പാക് മത്സരത്തിനു ശേഷം അതുണ്ടായില്ല. അതില്‍ തുടങ്ങി പ്രശ്‌നങ്ങള്‍. റഫറി പൈക്രോഫ്റ്റ് പക്ഷപാതപരമായി ഇടപെട്ടുവെന്ന പരാതിയുമായി പിന്നീട് പാക്കിസ്ഥാനെത്തി. എന്നാല്‍ റഫറിക്കെതിരേ നടപടിയെടുക്കാന്‍ ഐസിസി തയാറാകാതെ വന്നതോടെ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നായി തീരുമാനം. ഒടുവില്‍ വീണ്ടും അനുനയപ്പെട്ട് കളിക്കിറങ്ങുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടു ദിവസത്തിനു ശേഷം വരാന്‍ പോകുന്ന രണ്ടാമങ്കം. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള ഇന്ത്യ-പാക്കിസ്ഥാന്‍ വാര്‍ 2 ആയി ഇതിനെ കാണുന്നവരാണ് കൂടുതല്‍.
ഞായറാഴ്ച രാത്രി ദുബായ് സമയം രാത്രി എട്ടിനാണ് മത്സരം. ഇതും ഈ സീരിസിലെ ഇന്ത്യ-പാക്ക് അവസാന മത്സരമായിരിക്കുമെന്നു പറയാറായിട്ടില്ല. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനക്കാരായി സ്ഥാനക്കയറ്റം കിട്ടുകയാണെങ്കില്‍ വീണ്ടും ഫൈനലില്‍ ഏറ്റുമുട്ടേണ്ടതായി വരും. അതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇന്ന് ഇന്ത്യയും ഒമാനും തമ്മില്‍ രാത്രി എട്ടിനു മത്സരമുണ്ടെങ്കിലും കളിയുടെ ഗതിയില്‍ അതിനു കാര്യമായ റോളൊന്നുമില്ല. പാക്കിസ്ഥാനെയും യുഎഇയെയും തോല്‍പിച്ചതോടെ ഇന്ത്യ പണ്ടേ സൂപ്പര്‍ ഫോറിലേക്ക് പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്. ഈ കളിക്ക് ഞായറാഴ്ച നിര്‍ണായക മത്സരത്തിനുള്ള പരിശീലനക്കളി എന്നതിനപ്പുറം പ്രാധാന്യം ആരും കൊടുത്തിട്ടുമില്ല.
ഇന്ത്യ-പാക് യുദ്ധം 2 ഞായറാഴ്ച. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഏറ്റുമുട്ടലിനു ലോകം കാത്തിരിക്കുന്നു

