ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം ഇന്ന് ദുബായില്‍, എന്തോ കാണികള്‍ക്കു മടുപ്പ് കയറുന്നു

ദുബായ്: കളി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലാണെങ്കില്‍ അതു പിന്നെ കളിയല്ല, യുദ്ധമാണ്. അതിന്റെ ഭാഷ സ്‌പോര്‍ട്‌സിന്റെയല്ല രാഷ്ട്രീയത്തിന്റെയാണ് എന്നൊക്കെയാണ് പതിവു പറച്ചിലുകള്‍. അതു കുറേയെങ്കിലും ശരിയുമാണ്. ഇന്ന് ദുബായില്‍ ഏഷ്യ കപ്പിലെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുകയാണ്. എന്നാല്‍ എന്തുകൊണ്ടോ പതിവു വീറും വാശിയുമൊന്നും ഉത്സാഹക്കമ്മിറ്റിക്കാരില്‍ കാണുന്നതേയില്ല. ഈ മാച്ചിന്റെ ടിക്കറ്റുകള്‍ ഇനിയും വിറ്റു പോകാതെ ബാക്കിയാണെന്നാണ് കേള്‍ക്കുന്നത്. ഗാലറി കാലികിടക്കുമോയെന്നു മത്സരം തുടങ്ങുമ്പോഴേ അറിയാനാകൂ. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനുമൊക്കെ ശേഷം ആദ്യമായി നടക്കുന്ന മത്സരത്തില്‍ ഇങ്ങനെയൊന്നും ആയാല്‍ പോരല്ലോ.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളായതിനാല്‍ അവരുടെ കളി ബഹിഷ്‌കരിക്കണമെന്ന കാംപയ്ന്‍ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാലും അത്ര കരുത്തോടെയോ വാശിയോടെയോ ആയിരുന്നില്ല ബഹിഷ്‌കരണാഹ്വാനം പോലും. ഒരു ഘട്ടത്തിലാണെങ്കില്‍ ഈ മത്സരം നടക്കുമോയെന്നു പോലും സംശയം ജനിച്ചിരുന്നതുമാണ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ടപ്പോഴാണ് ആ അനിശ്ചിതത്വം മാറുന്നത്. എന്നാല്‍ അപ്പോഴേക്കും ഇന്ത്യയിലെ സുപ്രീം കോടതിയില്‍ മത്സരത്തിനെതിരേ കേസ് വന്നിരുന്നു. അവസാനം രണ്ടു ദിവസം മുമ്പു മാത്രമാണ് കളി നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതിയും ലഭിക്കുന്നത്.
കാണികള്‍ വരാതിരിക്കുന്നതു പോലെ പ്രധാനമാണ് ബിസിസിഐയിലെ അധികൃതര്‍ ആരും മത്സരം കാണാന്‍ എത്താത്തതും. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ കാണികളായി പോലും എത്തില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.