അഭിഷേക് ശര്‍മ മാനം കാത്തു, മെല്‍ബണില്‍ ടി20 രണ്ടാം കളിയില്‍ ഓസീസിനോട് ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

മെല്‍ബണ്‍: അഭിഷേക് ശര്‍മയുടെ ഒറ്റയാള്‍ പോരാട്ടവും അവസാന നിമിഷം ജസ്പ്രീത് ബുംറയുടെ മിന്നല്‍ പ്രകടനവും ഇന്ത്യയ്ക്ക് തുണയായില്ല. ഓസ്‌ട്രേലിയന്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാമത് മാച്ചില്‍ ആതിഥേയര്‍ക്ക് നാലു വിക്കറ്റ് വിജയം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ മിച്ച് മാര്‍ഷലിന് അശേഷം തെറ്റിയില്ല. ഇന്ത്യന്‍ ബാറ്റിങ് നിര ആദ്യ 50 റണ്‍സ് നേടുന്നതിനു മുമ്പ് തന്നെ തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണുമടക്കം ഒന്‍പത് താരങ്ങളാണ് രണ്ടക്കം കാണാതെ മടങ്ങിയത്. 18.4 ഓവറില്‍ വെറും 125 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 112ന് മൂന്ന് എന്ന നിലയില്‍ നിന്ന് അവസാന നിമിഷം മൂന്നു വിക്കറ്റുകള്‍ അതിവേഗം നഷ്ടമായെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാകാതെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഓസീസിനായി ക്യാപ്റ്റന്‍ മിച്ച് മാര്‍ഷല്‍ 46 റണ്‍സ് നേടി. ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ശരാശരിക്കു മുകളില്‍ തിളങ്ങിയത് അഭിഷേക് ശര്‍മ മാത്രമാണ്. ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ ഭയക്കാതെ ബാറ്റേന്തിയ ശര്‍മ 37 പന്തില്‍ 68 റണ്‍സ് നേടി. എട്ടു ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു ഇന്ത്യയുടെ അഭിമാനം കാത്ത ശര്‍മയുടെ സ്‌കോര്‍. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ഹര്‍ഷിത് റാണയാണ് അഭിഷേകിനു പിന്തുണ കൊടുത്തത്. 33 പന്തില്‍ 35 റണ്‍സ് അഭിഷേക് നേടുകയും ചെയ്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ 1-0ന് ഒസ്‌ട്രേലിയ മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച തുടക്കമാണ് കുറിച്ചതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *