ന്യൂഡല്‍ഹി: എടുക്കുമ്പോഴൊന്ന്, തൊടുക്കുമ്പോള്‍ പത്ത്, വിടുമ്പോള്‍ നൂറ്, കൊള്ളുമ്പോള്‍ ആയിരം എന്നു മഹാഭാരത യുദ്ധത്തിലെ അമ്പിനെക്കുറിച്ച് പറയുന്നതു പോലെ ഒന്നായി പ്രയോഗിച്ചാലും പലതായി ഏല്ക്കുന്ന വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം ഇന്നലെ നടന്നു. ഇന്ത്യന്‍ സൈനിക പ്രതിരോധത്തിന് മുതല്‍ക്കൂട്ടാകുന്ന ഈ ആയുധം ഒഡിഷ തീരത്താണ് വിജയകരമായി പരീക്ഷിച്ചത്. അഭിമാനകരമായ ഈ വാര്‍ത്ത ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് എക്സ് മുഖേന സ്ഥിരീകരിച്ചത്.
ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം എന്നാണ് ഈ ആയുധത്തിനു പേരു നല്‍കിയിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു പല പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു ചെയ്യുന്ന സംയുക്തായുധമാണ്. ഇതില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച എയര്‍ മിസൈലുകളും ഷോര്‍ട്ട് റേഞ്ച്് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകളും ഹൈ പവര്‍ എനര്‍ജി ആയുധങ്ങളും ഒരുപോലെ അടങ്ങയിരിക്കുന്നു. അതിന്റെ ഫലമായി വ്യത്യസ്ത ദൗത്യങ്ങള്‍ ഒരേ ആയുധ പ്രയോഗം കൊണ്ടു തന്നെ സാധിക്കും. ഓപ്പറേഷന് സിന്ദൂര്‍ പോലെയുളള സൈനിക നടപടികളിലും പൂര്‍ണതോതിലുള്ള യുദ്ധങ്ങളിലും ഒരുപോലെ ശത്രുക്യാമ്പിനു നാശമുണ്ടാക്കാന്‍ കഴിയുമെന്നതാണ് ഇത്തരം സംയുക്തായുധങ്ങളുടെ മെച്ചം. ഒരേ സമയം ഒന്നിലധികം ഡ്രോണുകളെയും മിസൈലുകളെയും മൈക്രോ യുവികളെയും ചെറുക്കാനും നശിപ്പിക്കാനും ഇതിനു സാധിക്കുന്നു.
ഒന്നിനു പലതായി തിരിച്ചടിക്കുന്ന പ്രതിരോധായുധം വികസിപ്പിച്ച് ഇന്ത്യ
