ഇന്ത്യയില്‍ ഒരാണ്ടില്‍ 13 മണിക്കൂര്‍ വരെ പകല്‍ കുറയുന്നു, ഗുരുതര പ്രശ്‌നമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും സൂര്യപ്രകാശം ലഭ്യമാകുന്ന സമയത്തിന്റെ ദൈര്‍ഘ്യം ക്രമാനുഗതമായി കുറഞ്ഞു വരുന്നതായി ശാസ്ത്രീയ പഠനത്തിലെ കണ്ടെത്തല്‍. വായു മലിനീകരണവും മേഘങ്ങളുടെ അമിത രൂപീകരണവും നിമിത്തം ആകാശം മങ്ങിപ്പോകുന്നതാണ് ഇതിനു കാരണം. ഇന്ത്യ നേരിടുന്ന പരിസ്ഥിതി തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ പഠനം മുന്നോട്ടു വയ്ക്കുന്നത്. സൂര്യപ്രകാശം കുറയുന്നതനുസരിച്ച് വിളകള്‍ക്ക് ദോഷം സംഭവിക്കുകയും വിളവില്‍ ഗണ്യമായ തോതില്‍ കുറവുണ്ടാക്കുകയും ചെയ്യുമെന്ന് പഠനം മുന്നറിയിപ്പു തരുന്നു. ഐഐടി റാങ്കിലുള്ള ബനാറസ് ഹിന്ദു യൂണവേഴ്‌സിറ്റി, ഐഐടിഎം പൂനെ, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവര്‍ സംയുക്തമായി നടത്തിയ പഠനം നേച്ചേഴ്‌സ് സയന്റിഫിക് റിപ്പോര്‍ട്‌സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1998 മുതല്‍ വിവിധ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തെ മൊത്തം പകല്‍ സമയത്തില്‍ പതിമൂന്നു മണിക്കൂറിന്റെ കുറവാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്. ഓരോ വര്‍ഷം ചെല്ലുന്തോറും ഈ കുറവ് വര്‍ധിച്ചു വരികയുമാണ്. വ്യവസായങ്ങളെയും വാഹനങ്ങളെയും പോലെ ഇക്കാര്യത്തില്‍ കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ എയറോസോള്‍ മലിനീകരണം ആഗോള ശരാശരിയുടെ ഇരട്ടിയാണിപ്പോള്‍. മഴയുടെ വിതരണ ക്രമം തെറ്റുന്നതിലും മഴ കഴിഞ്ഞാലും അന്തരീക്ഷം ഈര്‍പ്പത്തോടെ ഇരുണ്ടുമൂടി നില്‍ക്കുന്നതിനും ഇതാണ് ഉത്തരവാദി. ഇത്തരം സാഹചര്യത്തില്‍ കീടങ്ങളും വിളകളെ ബാധിക്കുന്ന രോഗങ്ങളും അധികമാകുകയും ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.