യൂറോപ്പിലേക്ക് സമുദ്ര വിഭവങ്ങളുമായി നൂറിലധികം ഇന്ത്യന്‍ കമ്പനികള്‍ കൂടി

കൊച്ചി: ഒരു വശത്ത് അമേരിക്ക ഇറക്കുമതിയുടെ തീരുവ അമ്പതു ശതമാനമായി ഉയര്‍ത്തി ഇന്ത്യയെ ശ്വാസം മുട്ടിക്കാന്‍ നോക്കുമ്പോള്‍ മറുവശത്ത് പുതിയ വിപണികണ്ടെത്തി തിരിച്ചടി കൊടുക്കാനുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയുടെ പരിശ്രമങ്ങള്‍ ഫലമുളവാക്കി തുടങ്ങുന്നു. നിലവില്‍ അമേരിക്കയായിരുന്നു ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്. എന്നാല്‍ ട്രംപിന്റെ വൈരാഗ്യബുദ്ധിയോടെയുള്ള നടപടിയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഒരു മേഖല ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടേതായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ വിപണി കണ്ടെത്തി പിടിച്ചു നില്‍ക്കാനായിരുന്നു ഈ മേഖലയുടെ പിന്നീടുള്ള പരിശ്രമങ്ങള്‍. അതിനാണ് ആശാവഹമായ പുരോഗതിയുണ്ടായിരിക്കുന്നത്. പുതുതായി 102 ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ക്കു കൂടിയ യൂറോപ്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 604 ആയി ഉയര്‍ന്നു.
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ വിപണിയില്‍ നടത്തിയ പരിശ്രമങ്ങളാണ് ഈ ഫലമുളവാക്കിയിരിക്കുന്നത്. മറൈന്‍ പ്രോഡക്ട്‌സ് ഡവലപ്‌മെന്റ് അതോറിറ്റിയും എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലും ഈ പരിശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയേകുകയും ചെയ്തു. ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവയാണ് യൂറേപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ പ്രധാന വിപണികള്‍. ഒക്ടോബര്‍ ഒന്നിന് സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുക കൂടി ചെയ്യുന്നതോടെ കൂടുതല്‍ വിപണികള്‍ തുറന്നു കിട്ടാനുള്ള സാധ്യതയും തെളിയും.
നിലവില്‍ ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ മാത്രമായിരുന്നു ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു യൂറോപ്യന്‍ വിപണിയിലുള്ള പങ്കാളിത്തം. ആ അവസ്ഥ മാറുന്നതിന്റെ തുടക്കമായി ഇപ്പോഴത്തെ സംഭവങ്ങള്‍ മാറുന്നു.