ട്രംപിനെ പേടിക്കാതെ യുക്രെയ്‌ന് ഏറ്റവുമധികം ഡീസല്‍ കൊടുത്തത് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രേയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയാണെന്ന അമേരിക്കന്‍ ആരോപണം നിലനില്‍ക്കെ കണക്കുകള്‍ പറയുന്നത് മറിച്ചൊരു ചിത്രം. റഷ്യയോട് എണ്ണ വാങ്ങുമ്പോള്‍ പോലും യുക്രേയ്‌ന് ഏറ്റവും കൂടുതല്‍ ഡീസല്‍ നല്‍കുന്ന രാജ്യം ഇന്ത്യയാണെന്ന് നാഫ്‌റ്റോറൈനോക്ക് എന്ന യുക്രെയ്‌ന്റെ ഔദ്യോഗിക എണ്ണസംബന്ധമായ പഠനകേന്ദ്രം പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ യുക്രെയ്‌ന് ആവശ്യമായ ഡീസലില്‍ 15.5 ശതമാനം ഇന്ത്യയായിരുന്നു നല്‍കിയത്. ട്രംപിന്റെ തീരുവ ഭീഷണി അന്തരീക്ഷത്തില്‍ നില്‍ക്കെത്തന്നെയായിരുന്നു ഇന്ത്യയുടെ ഉദാരമായ ഈ സമീപനം.
ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ നിന്നു യുക്രെയ്‌നിലേക്ക് കയറിപ്പോയത് 2700 ടണ്‍ ഡീസലായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യ യുക്രെയ്‌നു കൊടുക്കുന്ന ഡീസലില്‍ 10.2 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. തലേ വര്‍ഷം ഇതേ കാലയളവിലെ 1.9 ശതമാനത്തിന്റെ സ്ഥാനത്താണിതെന്നു നാഫ്‌റ്റോറൈനോക്ക് പറയുന്നു.