സൂപ്പര്‍ ഇന്ത്യ! സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു തിളങ്ങുന്ന വിജയം. പാക് രണ്ടാമതും ഇന്ത്യയോടു തോറ്റു

ദുബായ്: സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ആവേശം മുറ്റിനിന്ന അന്തരീക്ഷത്തില്‍ പാക്കിസ്ഥാനെ ഏഴു ബോളുകള്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് ഒന്നാം ജയം. ഇതോടെ പാക്കിസ്ഥാനെതിരേ ഏഷ്യകപ്പില്‍ കളിച്ച രണ്ടു കളികളിലും ഇന്ത്യയ്ക്ക് ആവേശകരമായ വിജയം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 172 റണ്‍സ് എന്ന താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു കൈമാറിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടായ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരിലൂടെ മാത്രം 121 റണ്‍സ് നേടുകയും ചെയ്തു. അഭിഷേക് 74 റണ്‍സോടെ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഗില്‍ 47 റണ്‍സോടെ മികച്ച പിന്തുണയും നല്‍കി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസന്‍ എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും മുപ്പതു റണ്‍സ് നേടിയ തിലക് വര്‍മയും ഏഴു റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നപ്പോള്‍ ഇന്ത്യ വിജയലക്ഷം ഭേദിച്ചു.
പാക്കിസ്ഥാന്‍ സൈഡില്‍ നിന്ന് ഓപ്പണര്‍ സാഹിബ് സോദ ഫര്‍ദാനും അര്‍ധ സെഞ്ചുറി തികയ്ക്കുകയുണ്ടായി. നാല്‍പത്തഞ്ച് പന്തില്‍ നിന്നു മാത്രം 58 റണ്‍സാണ് ഫര്‍ദാന്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്നു സിക്‌സറും അഞ്ചു ഫോറും എണ്ണം പറഞ്ഞവ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് വേണ്ടത്ര റണ്‍ റേറ്റ് കൈവരിക്കാന്‍ പാക് ടീമിനായില്ല. അഞ്ച് വിക്കറ് മാത്രമാണ് നഷ്ടമായതെങ്കിലും ഇരുപത് ഓവറും എറിഞ്ഞു തീരുമ്പോഴും 171 റണ്‍സ് എന്ന ശരാശരി സ്‌കേറിലെത്തിക്കാന്‍ മാത്രമാണ് അവര്‍ക്കായത്. ഇന്ത്യന്‍ ഫീല്‍ഡിങ് ശരാശരിയില്‍ താഴ്ന്നു നിന്നതാണ് ഇത്രയും റണ്‍സെങ്കിലും നേടാന്‍ പാക്കിസ്ഥാനു തുണയായത്. വിലപ്പെട്ട നാലു ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കു കൈവിട്ടുപോയത്.