സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനിക പരിപാടിയായ യങ് ഓഫീസേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി പതിനഞ്ച് അംഗ ഓസീസ് സൈനിക സംഘം തിരികെയെത്തി. പതിനഞ്ച് വീതം യുവ സൈനിക ഓഫീസര്‍മാരാണ് ഇക്കൊല്ലം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഭാഗത്ത് നിന്നു പരിപാടിയില്‍ പങ്കെടുത്തത്. ജനറല്‍ റാവത്ത് ഇന്ത്യ-ഓസ്ട്രേലിയ യംഗ് ഓഫീസേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാം എന്ന ഈ പരിപാടി തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടക്കുന്നതാണ്. ഇക്കൊല്ലം ഇന്ത്യയില്‍ നടന്ന പരിപാടി രണ്ടാഴ്ച നീണ്ടുനിന്നു.
ഇന്ത്യയുടെ സൈനിക സേവന സ്ഥാപനങ്ങള്‍, സൈനിക വ്യവസായ കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, സാംസ്കാരിക വിനിമയ പരിപാടികള്‍, സൈനിക പരിശീലനം തുടങ്ങിയ കാര്യങ്ങളാണ് ഇക്കൊല്ലത്തെ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ ഹൈദരാബാദ്, ഗോവ, ആഗ്ര, ന്യൂഡല്‍ഹി എന്നീ സ്ഥലങ്ങളിലെ സൈനിക കാര്യാലയങ്ങളിലാണ് പരിശീലനവും സാംസ്കാരിക വിനിമയ കാര്യങ്ങളും ഏകോപിപ്പിച്ചത്.
ഡല്‍ഹിയില്‍ നടന്ന സമാപന ചടങ്ങില്‍ ലഫ്റ്റനന്റ് ജനറല്‍ വിപുല്‍ സിംഗാള്‍ അധ്യക്ഷത വഹിച്ചു. ഇത്തരം പരിപാടികളില്‍ കൂടി സമ്പാദിക്കുന്ന പ്രഫഷണലും വ്യക്തിപരവുമായ ബന്ധങ്ങളാണ് സൈനിക ജീവിതത്തില്‍ മുതല്‍ക്കൂട്ടുകളായി മാറുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

