ഭീകരതയ്‌ക്കെതിരേ ഉറച്ച നിലപാടുമായി ഇന്ത്യ-ഓസീസ് സംയുക്ത യോഗം, ഖലിസ്ഥാനെതിരേ ജാഗ്രതയ്ക്കു തീരുമാനം

കാന്‍ബറ: ഭീകരവാദത്തിനെതിരേ ഉറച്ച നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ഭീകരവാദ വിരുദ്ധ ഇന്ത്യ-ഓസ്‌ട്രേലിയ ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പിന്റെ പതിനഞ്ചാമത് വാര്‍ഷികം കാന്‍ബറയില്‍ സമാപിച്ചു. ഇന്തോ പസിഫിക് മേഖലയില്‍ ഭീകരവാദത്തിന് ഇടം അനുവദിക്കില്ലെന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

യോഗത്തില്‍ ഓസ്‌ട്രേലിയയുടെ കൗണ്ടര്‍ ടെററിസം അംബാസഡര്‍ ജെമ്മ ഹഗ്ഗിന്‍സും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം കാര്യ ജോയിന്റ് ഡയറക്ടര്‍ ഡോ. വിനോദ് ബഹാദേയും സംയുക്തമായി അധ്യക്ഷത വഹിച്ചു. പ്രാദേശികവും മേഖലാതലത്തിലും രാജ്യാന്തര തലത്തിലും ശക്തി പ്രാപിച്ചു വരുന്ന ഭീകരവാദം എന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിയമ പാലനത്തിലും ജൂഡീഷ്യല്‍ ഏകോപനത്തിലും നാവിക സുരക്ഷിതത്വത്തിലും വിവര കൈമാറ്റത്തിലും കൂട്ടായ പരിശ്രമങ്ങളുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയ ആസ്ഥാനമായി ഖലിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുന്നതായി ഇന്ത്യന്‍ ഡെലിഗേറ്റുകള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പരസ്പര സഹകരണവും കൃത്യമായ ജാഗ്രതയും നിയമസംവിധാനങ്ങളില്‍ നിന്നുണ്ടാകണമെന്ന് ഇന്ത്യന്‍ സംഘം ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സംയുക്തമായി അപലപിച്ചു. ഈ ആക്രമണത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ സമൂഹം ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *