ന്യൂഡല്‍ഹി: ക്വാലാലംപൂരില്‍ ആസിയാന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യയും അമേരിക്കയും പ്രതിരോധ മേഖലയിലെ ദീര്‍ഘകാല പരസ്പര സഹകരണത്തിനുള്ള കരാറില്‍ ഒപ്പു വച്ചു. ഒപ്പു വയ്ക്കുന്നതിനു മുമ്പ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കരാര്‍ സംബന്ധമായ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്യോന്യ വിവര കൈമാറ്റം, സാങ്കേതിക വിദ്യാപരമായ സഹകരണം, ഏകോപനം എന്നിവയില്‍ സഹകരണം ഉറപ്പു വരുത്തുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത്. പത്തു വര്‍ഷത്തേക്കായിരിക്കും ഈ സഹകരണ കരാറിനു പ്രാബല്യമുണ്ടാകുക.
ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉറപ്പു വരുത്തല്‍, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ കാര്യങ്ങളും കരാറിന്റെ ഭാഗമാണ്. സൈനിക താവളങ്ങള്‍ അന്യോന്യം സഹകരണാടിസ്ഥാനത്തില്‍ തുറന്നു കൊടുക്കുന്നതിനും കരാറില്‍ പ്രത്യേക വ്യവസ്ഥയുണ്ട്. ഡ്രോണുകളിലും എഐ അധിഷ്ഠിത യുദ്ധ തന്ത്രങ്ങളിലും സംയുക്തമായി ഗവേഷണം നടത്തുന്നതിനും കരാര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ തന്നെ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ആധുനിക വല്‍ക്കരണത്തിലും ഈ കരാര്‍ ഇന്ത്യയ്ക്കായിരിക്കും കൂടുതല്‍ മെച്ചമായി മാറുകയെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയുടെ കൈവശം ഇപ്പോള്‍ തന്നെയുള്ള നിരവധി സാങ്കേതിക വിദ്യകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നതിന് കരാര്‍ അവസരമൊരുക്കുകയും ചെയ്യുമെന്നു കരുതുന്നു.
എന്നാല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം കരാര്‍ പ്രധാനമായും പ്രയോജനം ചെയ്യുന്നത് ഇന്തോ പസിഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനാണ്. സൈനിക കേന്ദ്രങ്ങളുടെ പരസ്പര പങ്കാളിത്തം ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്കു കൂടിയേ തീരൂ. ചൈനയുമായി ജിയോ പൊളിറ്റിക്കലായി ഇന്ത്യയ്ക്കുള്ള അനുകൂല സാഹചര്യമാണ് അമേരിക്ക പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്.

