ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കു നാലു വര്‍ഷത്തിനു ശേഷം വിമാനസര്‍വീസ് വീണ്ടും തുടങ്ങുന്നു. അതിര്‍ത്തിയിലെ പ്രശ്നങ്ങളും മറ്റും നിമിത്തം ബന്ധം വഷളായ സമയത്താണ് നേരിട്ടുള്ള വിമാന സര്‍വീസിനും പൂട്ടു വീണത്. എന്നാല്‍ അമേരിക്കയെന്ന പൊതു ശത്രുവിനെതിരേ ഇന്ത്യയും ചൈനയും യോജിച്ച് പ്രതിരോധമുഖം തുറക്കുന്നതിന് ഐക്യത്തിന്റെ പാത തുറന്നതോടെ വിമാനസര്‍വീസിന് ആകാശവും തുറന്നു കിട്ടുന്നു. ഒക്ടോബര്‍ 26 മുതല്‍ നേരിട്ടു വിമാനസര്‍വീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച് മാസങ്ങളായി ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥന്മാര് തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഷാങ്ഹായി ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും വിമാനക്കാര്യം കടന്നു വന്നിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്കും തിരിച്ചും വിമാന സര്‍വീസ് ഒക്ടോബര്‍ 26ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അനൗണ്‍സ് ചെയ്തു കഴിഞ്ഞു. നേരത്തെ വ്യോമഗതാഗതം നിലവിലുണ്ടായിരുന്ന കാലത്ത് ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ഷൂ, ഷെയ്ങ്ദു എന്നീ പട്ടണങ്ങളിലേക്കായിരുന്നു ഇന്ത്യയില്‍ നിന്നും തിരിച്ചും നേരിട്ട് വിമാനങ്ങള്‍ പറന്നിരുന്നത്. വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു സന്ദര്‍ശകര്‍ എന്നിവര്‍ക്ക് വീസ അനുവദിക്കുന്നതിനുമുള്ള വിലക്കുകള്‍ നീക്കാനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യയും ചൈനയും ഭായി-ഭായി ആയതോടെ നേരിട്ടുള്ള വിമാനങ്ങളും ഈ മാസം മുതല്‍

