ന്യൂഡല്‍ഹി: ചാറ്റ് ജിപിടി പൊരുതാനുറച്ചു തന്നെ. എഐ യുടെ ബലത്തില്‍ വൈവിധ്യമുള്ള സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കെത്തിക്കുന്ന ചാറ്റ് ജിപിടിയുടെ പുതിയ നീക്കം ഗൂഗിളിന്റെയും പെര്‍പ്ലക്‌സിറ്റിയുടെയുമൊക്കെ നെഞ്ചിടിപ്പ് കൂട്ടുമെന്നതില്‍ സംശയം വേണ്ട. ഇതിന്റെ പണം നല്‍കി ഉപയോഗിക്കേണ്ട പെയ്ഡ് വേര്‍ഷനുകളിലെ എന്‍ട്രി ലെവലായ ചാറ്റ് ജിപിടി ഗോ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്കാനാണ് ഓപ്പണ്‍ എഐയുടെ തീരുമാനം. ഗൂഗിള്‍ അവരുടെ പെയ്ഡ് വേര്‍ഷന്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കി ജനപ്രിയമായപ്പോള്‍ പെര്‍പ്ലക്‌സിറ്റി എയര്‍ടെലുമായി സഹകരിച്ച് സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് ഓഫര്‍ ചെയ്തത്. ഇതിനെയൊക്കെ വെല്ലുന്നതായി ചാറ്റ് ജിപിടിയുടെ പ്രഖ്യാപനം. വിദ്യാര്‍ഥിയെന്നോ എയര്‍ടെല്‍ വരിക്കാരനെന്നോ ഉള്ള പരിഗണനയൊന്നും കൂടാതെ ആര്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യം. പ്രതിമാസം 399 രൂപ കൊടുക്കേണ്ട പ്ലാനാണ് സൗജന്യമാക്കിയിരിക്കുന്നത്. നവംബര്‍ നാലിന് ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും.
ചാറ്റ് ജിപിടിയുടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയും ഇതു തന്നെ. ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പറ്റിയ പല ഫീച്ചറുകളും അടങ്ങുന്നതാണ് ചാറ്റ്ജിപിടി ഗോ എന്ന പ്ലാന്‍. ഉയര്‍ന്ന മെസേജ് പരിധി, പ്രതിദിനം കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും അപ്ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യം ഉത്തരങ്ങളില്‍ കൃത്യത ദീര്‍ഘമായ മെമ്മറി എന്നിവയെല്ലാമാണ് ചാറ്റ് ജിപിടിയെ ജനപ്രിയമാക്കുന്നത്.

