ഇടതുചെരിഞ്ഞ് അയ്യപ്പനെ തൊഴുത് പിണറായി പക്ഷത്തേക്ക് എന്‍എസ്എസ് എത്തുന്നു

കോട്ടയം: ഒടുവില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും സര്‍ക്കാരിനെ വിശ്വസിച്ചു തുടങ്ങി. ആഗോള അയ്യപ്പ സംഗമമാണ് ആറു വര്‍ഷം മുമ്പ് അയ്യപ്പന്റെ പേരില്‍ തന്നെ സര്‍ക്കാരുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ എന്‍എസ്എസിനെ ആഗോള അയ്യപ്പ സംഗമത്തിന്റെ പന്തലില്‍ വച്ച് സര്‍ക്കാര്‍ സ്വന്തം പക്ഷമാക്കുകയായിരുന്നു. അങ്ങനെ സമദൂരത്തില്‍ നിന്നു സുകുമാരന്‍ നായരുടെ നിലപാട് ഇടതിനനുകൂലമായ ശരിദൂരത്തിലെത്തിയിരിക്കുന്നു. ഇതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നെഞ്ചിടിപ്പേറുകയാണിപ്പോള്‍. ഇടതു പക്ഷ സര്‍ക്കാരില്‍ എന്‍എസ്എസിനു വിശ്വാസമാണെന്നു തുറന്നു പറയുക മാത്രമല്ല, കോണ്‍ഗ്രസിനെയും ബിജെപിയെയും തള്ളിപ്പറയുക കൂടിയാണ് എന്‍എസ്എസ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷമാണ് എന്‍എസ്എസിനെ വശത്താക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്. അടുത്തയിടെ ചികിത്സയിലായിരുന്ന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുക കൂടി ചെയ്തതോടെ മഞ്ഞുരുകല്‍ പൂര്‍ണമാകുകയായിരുന്നു.