കര്‍ക്കിടകം പിറക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം. മഴക്കാലത്തിന്റെ വരവറിയിക്കുന്ന ഇടവത്തിന്റെ പാതിനാളുകളും മഴയുടെ അകമ്പടിയായെത്തുന്ന തണുപ്പിന്റെ മിഥുനവും കഴിഞ്ഞാല്‍ കര്‍ക്കിടകത്തിന്റെ വരവ്. കള്ളകര്‍ക്കിടകമെന്നാണ് വയ്പ്. എപ്പോഴൊക്കെ മഴ പെയ്യുമെന്നോ എത്രത്തോളം പെയ്യുമെന്നോ ആര്‍ക്കും പറയാനാവില്ല. അതുകൊണ്ടു പൊതുവേ ജനം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുന്ന ഈ മാസമാണ് പരമ്പരാഗതമായി മലയാളികള്‍ ശരീര സൗഖ്യത്തിനും പുനരുജ്ജീവനത്തിനുള്ള സുഖചികിത്സയ്ക്കുമായി നീക്കി വയ്ക്കുന്നത്. അങ്ങനെ ശരീരത്തിനും മനസിനും കൂടുതല്‍ കരുത്തു നേടി വേണം തൊട്ടടുത്ത ചിങ്ങത്തിലെത്തുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ എന്നാണ് പൊതുവായ സങ്കല്‍പം.
പൊതുവേ കര്‍ക്കിടകം, തുലാം, കുംഭം എന്നിവയാണ് മലയാളികളുടെ ആരോഗ്യശീലങ്ങളനുസരിച്ച് ചികിത്സാമാസങ്ങള്‍. എങ്കിലും പ്രകൃതിക്ക് ഏറ്റവും സമീകൃത സ്വഭാവമുള്ളത് കര്‍ക്കിടകത്തിലായതിനാലാണ് ഈ മാസം സുഖചികിത്സപോലെയുള്ള ആരോഗ്യരക്ഷാ കാര്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.
ത്രിദോഷ കോപശമനത്തിന് ഏറ്റവും യോജിച്ച മാസവും കര്‍ക്കിടകം തന്നെയാണെന്നു നമ്മുടെ പരമ്പരാഗത വിശ്വാസം. വാതം, പിത്തം, കഫം എന്നിവ മൂന്നിനെയുമാണ് ത്രിദോഷങ്ങളെന്നു പൊതുവേ വിളിക്കുന്നത്. ഇവയുടെ കൃത്യമായ അനുപാതം സൂക്ഷിക്കാന്‍ ശരീരത്തിനാവുമ്പോഴാണ് ആരോഗ്യമുള്ള അവസ്ഥയില്‍ നാം എത്തിച്ചേരുന്നതെന്നാണ് ആയുര്‍വേദ സങ്കല്‍പം. രോഗമില്ലാത്ത അവസ്ഥ നമ്മുടെ സങ്കല്‍പത്തില്‍ ആരോഗ്യമല്ല, അരോഗാവസ്ഥയാണ്.
കേരളത്തിലെ കാലാവസ്ഥയില്‍ മേടം അവസാനിക്കുന്നതുവരെ നല്ല ചൂടാണ്. ഇടവപ്പാതിയിലെത്തുന്ന കന്നിമഴയോടെ ശരീരം പെട്ടെന്നു തണുക്കുന്നു. ആയുര്‍വേദ സങ്കല്‍പമനുസരിച്ച് ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണ് ഗ്രീഷ്മഋതു എന്ന വേനല്‍ക്കാലവും വര്‍ഷഋതു എന്ന മഴക്കാലവും. വേനല്‍ക്കാലത്ത് അല്‍പമൊന്നു വര്‍ധിച്ചിരിക്കുന്ന വാതദോഷം പെട്ടെന്നുള്ള മഴയുടെ തണുപ്പുകൊണ്ട് കൂടുതല്‍ ക്രമരഹിതമാകുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പിത്തം, കഫം തുടങ്ങിയ മറ്റു ദോഷങ്ങളെയും കൂടുതലായി ദുഷിപ്പിക്കുന്നു. ഇങ്ങനെയുള്ള ദോഷങ്ങള്‍ക്കുള്ള പരിഹാരമാണ് കര്‍ക്കിടക മാസ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ രോഗപ്രതിരോധവുമായി ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ശരിയായ ദഹനം. കര്‍ക്കിടകത്തില്‍ അതിനാലാണ് ശരീര രക്ഷയ്‌ക്കൊപ്പം ഉദരരക്ഷയ്ക്കും പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ചിരിക്കുന്നത്. അഗ്നി എന്നു സംസ്‌കൃത നാമമുള്ള കൊടുവേലി പോലും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത് കര്‍ക്കിടകത്തിലാണ്.
ആയുര്‍വേദ വിധിപ്രകാരം ധാര, പിഴിച്ചില്‍ തുടങ്ങിയ സുഖചികിത്സയ്ക്ക് ഏറ്റവും ഉത്തമമായ മാസമായി കര്‍ക്കിടകത്തെ കണക്കാക്കിയിരിക്കുന്നത് കാലാവസ്ഥയിലെ അനുകൂല സാഹചര്യം നിമിത്തം ശരീരത്തിന് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളോട് ഏറ്റവും നന്നായി പ്രതികരിക്കുവാന്‍ സാധിക്കുമെന്നതു കൊണ്ടു കൂടിയാണ്. ഓര്‍ക്കുക, എത്ര ദിവസം ഒരാള്‍ സുഖചികിത്സ ചെയ്യുന്നുവോ അത്രയും ദിവസം അയാള്‍ നല്ലരിക്കയും വേണമെന്ന് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു. നല്ലരിക്ക എന്നാല്‍ നല്ലയിരുപ്പ് അഥവാ വിശ്രമം എന്നര്‍ഥം. ചികിത്സയുടെ ഗുണം ശരീരം ഉള്‍ക്കൊള്ളുന്നത് ഈ വിശ്രമകാലത്താണ്. ഏഴ്, പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ പലതുണ്ട് ചികിത്സയുടെ കാലദൈര്‍ഘ്യം. ചികിത്സാകാലം എത്ര വേണമെന്നതും തുടര്‍ വര്‍ഷങ്ങളില്‍ ചികിത്സ ആവശ്യമാണോ എന്നതുമൊക്കെ തീരുമാനിക്കുന്നത് വൈദ്യനാണ്. ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിക്കനുസരിച്ച് ചികിത്സാ സമ്പ്രദായങ്ങളിലും മാറ്റമുണ്ടാകും.
കര്‍ക്കിടകത്തില്‍ ഔഷധ സേവ എന്നൊരു ചടങ്ങു തന്നെ പണ്ടുകാലത്തുണ്ടായിരുന്നു. കര്‍ക്കിടകം 16നാണ് ഔഷധസേവ നടത്തുന്നത്. കൊടുവേലിയാണ് ഔഷധസേവയിലെ മുഖ്യയിനം. ജഠരാഗ്നി അഥവാ വിശപ്പിനെ ഉദ്ദീപിപ്പിക്കുകയാണ് സംസ്‌കൃതത്തില്‍ അഗ്നിയെന്നു വിളിക്കുന്ന കൊടുവേലി ചെയ്യുന്നത്. വിശപ്പ് ഉദ്ദീപിപ്പിക്കപ്പെടുമ്പോള്‍ ഗുണസമ്പുഷ്ടമായ ആഹാരക്രമം പാലിക്കാനും നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നു.
മരുന്നു കഞ്ഞികളുടെ കാലം കൂടിയാണ് കര്‍ക്കിടകം. മരുന്നുകഞ്ഞിയില്ലാതെ മരുന്നില്ല എന്നാണ് ചൊല്ല്. സാധാരണയായി കുറുന്തോട്ടിവേര്, തഴുതാമ വേര്, നിലപ്പനക്കിഴങ്ങ്, കരിങ്കുറിഞ്ഞി, നന്നാറിക്കിഴങ്ങ്, പുത്തരിച്ചുണ്ട, ഉഴിഞ്ഞവേര് തുടങ്ങിയ ഔഷധങ്ങളും അവയുടെ വേരുകളും മരുന്നു കഞ്ഞിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഈ വേരുകള്‍ ചതച്ചുകെട്ടി അരിക്കൊപ്പമിട്ടു വേവിക്കുകയോ അരച്ച് കഞ്ഞിക്കൊപ്പം ചേര്‍ക്കുകയോ ആണ് പതിവ്. കഞ്ഞിവയ്ക്കാന്‍ ഉണക്കലരി മാത്രമാണ് ഉപയോഗിക്കേണ്ടത്.
മരുന്നു കഞ്ഞിയിലെ ഘടക ഔഷധങ്ങളായ കുറുന്തോട്ടിയും കരിങ്കുറിഞ്ഞിയും രക്തശുദ്ധീകരണത്തിനും വിഷാംശം അകറ്റാനും ഉത്തമമാണ്. പുത്തരിച്ചുണ്ടയും ഉഴിഞ്ഞ വേരും ശ്വാസതടസം, നീര്‍ക്കെട്ട് എന്നി അകറ്റുന്നു. നന്നാറി വേര് ഉഷ്ണശമനത്തിനും തഴുതാമവേര് വാതസംബന്ധമായ രോഗങ്ങള്‍ക്കും നിലപ്പനക്കിഴങ്ങ് സ്ത്രീരോഗങ്ങള്‍ക്കും ഉത്തമമാണ്.
മരുന്നു കഞ്ഞി പോലെ തന്നെ കര്‍ക്കിടകത്തിന്റെ സവിശേഷതയാണ് പത്തിലക്കറി. പേരു സൂചിപ്പിക്കുന്നതു പോലെ പത്ത് ഇനത്തില്‍ പെട്ട ഇലകളാണ് ഈ കറിയുടെ പ്രത്യേകത. തഴുതാമ, ചേമ്പ്, മത്തന്‍, കുമ്പളം, പയര്‍, ചീര, കുടകന്‍, വേലിച്ചീര, മണിത്തക്കാളി, കറിവേപ്പ് എന്നിവയുടെ ഇലകളാണ് പത്തിലക്കറിയുടെ ഘടകങ്ങള്‍. ഇതിന്റെ തയാറിപ്പ് വളരെ ലളിതമാണ്. തോരന് അരിയുന്നതു പോലെ ചെറുതായി ഇലകള്‍ അരിയുന്നു. ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് അല്‍പം വെളിച്ചെണ്ണയൊഴിച്ച് പച്ചമുളകും ഇഞ്ചിയും നന്നായി വഴറ്റിയ ശേഷം അതിലേക്ക് അരിഞ്ഞ ഇലകളും ഉപ്പും ആവശ്യത്തിനു നാളികേരവും ചേര്‍ത്ത് തിരിച്ചും മറിച്ചും ആവി കയറ്റി വേവിച്ചെടുക്കുന്നതാണ് പത്തിലക്കറി.
ചുരുക്കത്തില്‍ കര്‍ക്കിടകം മുഴുവന്‍ ആരോഗ്യരക്ഷയ്ക്കുള്ളതാണ്. മുഴുവന്‍ ദിവസവും മരുന്നു കഞ്ഞി കുടിക്കുകയും പത്തു ദിവസമെങ്കിലും പത്തിലക്കറി കഴിക്കുകയും ചെയ്യുന്നത് ആര്‍ക്കും ഏറെ ബുദ്ധമുട്ടുള്ള കാര്യമായേക്കില്ല. സൗകര്യവും സമയവും ഒത്തുവന്നാല്‍ സുഖചികിത്സയ്ക്കും ഈ മാസം അവസരം കണ്ടെത്തുന്നത് ആരോഗ്യരക്ഷയിലേക്കു മുതല്‍ക്കൂട്ടു തന്നെയാണ്.
സ്റ്റാഫ് ലേഖകന്‍