എന്താണ് ഇല്ലിക്കൽ കല്ലിലെ നരകപ്പാലം?

കൊടൈക്കനാലിലെ പില്ലർ റോക്ക്സിനോട് സാമ്യം. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്.


 കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിൽ എത്താം. നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഇല്ലിക്കൽ കല്ലിന് സമീപത്തായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയുമുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നിരവധി കഥകൾ ഉണ്ടെങ്കിലും ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന കഥകൾ നിരവധിയാണ്. ഒരുകാലത്ത് അധികമാരും എത്താത്ത, കാടുപിടിച്ച് മലനിരകളാൽ ചുറ്റപ്പെട്ട് അവയ്ക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ല് ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. 4,000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്ന് കൂറ്റൻ പാക്കെട്ടുകൾ ചേർന്നുള്ള മനോഹരവും കണ്ടാൽ ഭയവും അതിശവും തോന്നിപ്പിക്കുന്ന ഒന്നാണ്.കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും സമീപത്തായി സർപ്പാകൃതിയിൽ കാണപ്പെടുന്ന കല്ല് കൂനൻ കല്ല് എന്നുമാണ് അറിയപ്പെടുന്നത്. മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ് വാദം. മനൊഹരമായ ഇടം എന്നതിലുപരി ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് കിടക്കുന്ന വിശ്വാസങ്ങളും കഥകളും അന്നും ഇന്നും ചർച്ചയാകുന്നുണ്ട്.

നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. അതിലൊന്നാണ് സർവ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന ‘ നീലക്കൊടുവേലി ‘ എന്ന സസ്യവുമായി ബന്ധപ്പെട്ടുള്ളത്. ഇല്ലിക്കൽ കല്ലിൻ്റെ മലമടക്കുകളിൽ നീലക്കൊടുവേലി ഉള്ളതായാണ് വിശ്വാസം. അത്ഭുതസിദ്ധിയുള്ള ഈ സസ്യം സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും ധനവും വന്നുചേരുമെന്നാണ് മുത്തശ്ശിക്കഥ. ഈ സസ്യം തേടി നിരവധിയാളുകൾ പണ്ടുകാലത്ത് ഇല്ലക്കൽ കല്ല് കയറിയതായും അപകടങ്ങൾ സംഭവിച്ചതായും പറയുന്നുണ്ട്. എന്നാൽ ഈ സസ്യം ലഭിച്ചതായും കണ്ടതായുമുള്ള തെളിയിക്കപ്പെട്ട ഒരു രേഖകളും ലഭ്യമല്ല.കൂടക്കല്ലിനും കൂനൻ കല്ലിനും ഇടയിലായി നരകപ്പാലം എന്ന ഭാഗമുണ്ട്. 20 അടിയിലേറെ താഴ്ചയിൽ ഒരു നിഗൂഢ വിടവുണ്ട്. ഈ ഭാഗത്തെയാണ് നരകപ്പാലം എന്നുവിളിക്കുന്നത്. അപകടത്തിന് സാധ്യതയുള്ളയിടമാണിത്. ഇവിടെയാണ് സർവ ഐശ്വര്യങ്ങളും സമ്മാനിക്കാൻ ശേഷിയുള്ള നീലക്കൊടുവേലി ഉള്ളതെന്നാണ് കെട്ടുകഥ. കൊടൈക്കനാലിലെ അപകടം നിറഞ്ഞ പില്ലർ റോക്സിനോട് ഈ പ്രദേശത്തിന് വളരെയധികം സാമ്യമുണ്ട്. ആയിരക്കണക്കിനടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നയിടമാണ് രണ്ടും. എപ്പോഴും കാറ്റടിക്കുന്ന ഇവിടെ മഴയും തണുപ്പുമുള്ള സമയങ്ങളിൽ കോടമഞ്ഞ് നിറയും. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ പോലെയുള്ള അപകടങ്ങൾക്കും സാധ്യത കൂടുതലാണ്.

ഇല്ലിക്കൽ കല്ലിൽ നീലക്കൊടുവേലി ഉള്ളതായുള്ള പ്രചാരണം പ്രാദേശികരിൽ നിന്നാണ് ആരംഭിച്ചത്. പീന്നിട് ഈ കഥ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. സിനിമകളിൽ പോലും ഇതുമായി ബന്ധപ്പെട്ട കഥകൾ പറഞ്ഞുപോയി. സഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഹരം കൊള്ളിക്കുന്നതാണ് ഈ നാടൻ കഥ. ഈരാറ്റുപേട്ടയിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിൽ എത്താം. താഴെ വാഹനം നിർത്തി ജീപ്പിൽ ഇല്ലിക്കൽ കല്ലിന് താഴേക്ക് പോകാം. ജീപ്പ് ആവശ്യമില്ലാത്തവർക്ക് നടന്ന് പോകാം. കാൽ നടയായി വേണം ഇല്ലിക്കൽ കല്ലിൻ്റെ എതിർഭാഗത്തുള്ള വ്യൂ പോയിൻ്റിൽ എത്താൻ.