മെല്‍ബണ്‍: അനധികൃത പുകയില കടത്തലിന്റെയും വ്യാപാരത്തിന്റെയും ക്രിമിനില്‍ സിന്‍ഡിക്കറ്റ് പോലീസ് തകര്‍ത്തു. സംയുക്ത പോലീസ് നീക്കത്തിനൊടുവിലാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് ഏഴു ടണ്ണോളം അനധികൃതമായി സംഭരിച്ചിരുന്ന പുകയില പിടിച്ചെടുക്കുകയും ചെയ്തത്. മെല്‍ബണിലെ അനധികൃത പുകയില റാക്കറ്റ് നടത്തിപ്പോന്ന സംഘമാണ് പോലീസിന്റെ നടപടിയില്‍ കുടുങ്ങിയത്.
ഫെഡറല്‍ പോലീസ് വെളിപ്പെടുത്തുന്ന വിവരമനുസരിച്ച് വടക്കന്‍ കോബര്‍ഗില്‍ നിന്നുള്ള നാല്‍പത്തൊമ്പതുകാരനാണ് ഈ റാക്കറ്റിന്റെ സൂത്രധാരന്‍. പല രീതികളില്‍ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വിക്ടോറിയ സംസ്ഥാനം മുഴുവന്‍ വിതരണം ചെയ്തിരുന്നത് ഇയാളാണ്. 363 ലക്ഷം ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച ഇരുപത്തൊമ്പതുകാരനും അറസ്റ്റിലായിട്ടുണ്ട്. മെഡോ ഹൈറ്റ്‌സ് സ്വദേശിയാണിയാള്‍. ഫെഡറല്‍ പോലീസ്, വിക്ടോറിയ പോലീസ്, ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരാണ് സംയുക്ത ദൗത്യസംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിലാണ് ഇങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. അപ്പോഴാണ് വന്‍ പുകയില ശേഖരം സഹിതം സംഘം പിടിയിലായിരിക്കുന്നത്.
കടല്‍ മാര്‍ഗവും വിമാനത്തിലുമായി വിവിധ രാജ്യങ്ങളില്‍ നി്ന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ഓസ്‌ട്രേലിയയില്‍ എത്തിച്ചിരുന്നത്. അടുക്കള ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും മറവിലായിരുന്നു ഇറക്കുമതി നടത്തിയിരുന്നത്.
ഈ സംഘത്തിന് വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും സംഘടിത സംഘങ്ങളുടെ പിന്തുണ ലഭിച്ചതായി കണക്കാക്കപ്പെടുന്നു. അവരിലേക്കും ഉടന്‍ അന്വേഷണം നീളുമെന്ന് അധികൃതര്‍ അറിയിച്ചു.
അനധികൃത പുകയില കടത്ത്, വന്‍ റാക്കറ്റ് പിടിയില്‍, ഏഴുടണ്‍ സ്റ്റോക്ക് പിടിച്ചെടുത്തു
