ഇല്ലവാരയില്‍ ഓണാഘോഷം ഉത്സവ്, ചലച്ചിത്ര താരങ്ങളുടെ മെഗാഷോ ഓഗസ്റ്റ് 30ന്

സിഡ്‌നി: ഇല്ലവാര മലയാളി അസോസിയേഷന്റെ ഗംഭീര ഓണാഘോഷം ഓഗസ്റ്റ് 30 ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉത്സവ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടി വൊള്ളാന്‍ഗാങ് ടൗണ്‍ഹാളിലാണ് നടക്കുക. പാരമ്പര്യവും ആനന്ദവും ആഘോഷവും ഒത്തു ചേരുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാട്ടും നൃത്തവും ഹാസ്യപരിപാടികളും ഉത്സവിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഗംഭീര സദ്യയുമുണ്ടായിരിക്കും. മലയാള ചലച്ചിത്ര വേദിയിലെ പ്രമുഖ താരമായ നിഖില വിമല്‍ ഓണാഘോഷത്തിന്റെ വിശിഷ്ടാതിഥിയായിരിക്കും. നിഖിലയുടെ നേതൃത്വത്തില്‍ പിന്നണി ഗായിക സയനോര, പിന്നണി ഗായകന്‍ പ്രദീപ് ബാബു, മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍, ചലച്ചിത്ര താരം ആര്യ ബഡായി, പിന്നണി ഗായകന്‍ റഫീക്ക് റഹ്‌മാന്‍, പെര്‍ക്കഷനിസ്റ്റ് യാസിര്‍ അഷറഫ് എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും. ഇതിനൊപ്പം ഇല്ലവരയിലെ അനുഗൃഹീത കലാകാരന്‍മാര്‍ തങ്ങളുടെ കലാപ്രകടനങ്ങളുമായി എത്തുന്നതുമാണ്.