ഹുമയൂണ്‍ കുടീരത്തിലെ ദര്‍ഗയുടെ മേല്‍ക്കൂര നിലംപൊത്തി, 5 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൗരാണിക സ്മാരകങ്ങളിലൊന്നായ ഹുമയൂണ്‍ ടൂംബിനു ചേര്‍ന്നുള്ള ദര്‍ഗകളിലൊന്നിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണുള്ളത്. അപകടമുണ്ടായ സമയത്ത് കനത്ത മഴയായിരുന്നു. എത്ര പേര്‍ ആ സമയം ദര്‍ഗയിലുണ്ടായിരുന്നു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇനിയും ജഡങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. വൈകുന്നേരം നാലു മണിയോടെയാണ് അപകടം സംഭവിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഹുമയൂണ്‍ ടൂംബ് നിര്‍മിതമാകുന്നത്. അതിലെ ഒരു സമുച്ചയത്തിനുള്ളിലാണ് ദര്‍ഗ ഷെരീഫ് പട്ടേ ഷാ സ്ഥിതി ചെയ്യുന്നത്. അതിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ഹുമയൂണ്‍ ടൂംബും പരിസരങ്ങളും സദാ സന്ദര്‍ശകര്‍ തിരക്കിയെത്തുന്ന സ്ഥലങ്ങളിലൊന്നാണ്.