തിരുവനന്തപുരം: വാഗ്ദാനങ്ങളിലെ ബിരിയാണി അങ്കണവാടി ചെമ്പില്‍ വേവില്ലെന്നു രണ്ടു മാസത്തെ കാത്തിരിപ്പ് തെളിയിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടിയിലെയും കുട്ടികളുടെ ഭക്ഷണ മെനു പരിഷ്കരിച്ചതായി മന്ത്രിമാരുടെ പ്രഖ്യാപനം വന്നിട്ടു രണ്ടുമാസമാകുന്നു. ഇതുവരെ ഉദ്ഘാടനത്തിലെ ബിരിയാണിയല്ലാതെ ഒരു കുട്ടിക്കു പോലും നിത്യഭക്ഷണത്തിന്റെ ഭാഗമായി ബിരിയാണി കിട്ടിയിട്ടില്ല.
പ്രഖ്യാപനത്തിലെ മെനു അനുസരിച്ച് അങ്കണവാടി കുട്ടികള്‍ക്ക് മുട്ട ബിരിയാണി. വെജ് പുലാവ്, സോയ ഫ്രൈ, ഓംലെറ്റ് ഒക്കെ കിട്ടേണ്ടതാണ്. ഈ തീരുമാനത്തെ സംസ്ഥാനം ഒന്നടങ്കം സ്വാഗതം ചെയ്തതുമാണ്. കുഞ്ഞുകുട്ടികളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്ന മെനു ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമെന്ന നിലയിലും ഈ തീരുമാനത്തിനു സ്വീകാര്യത ലഭിച്ചു. എന്നാല്‍ കേരള മോഡലിന്റെ ഉച്ചമെനു വാക്കില്‍ നിന്നു പാത്രത്തിലേക്കിറങ്ങാത്തതിനു കാരണം ഫണ്ട് കിട്ടാത്തതു തന്നെ. പ്രവേശനോത്സവ ദിനത്തില്‍ രക്ഷകര്‍ത്താക്കളുടെ സഹകരണം കൂടി കിട്ടിയതിനാലാണ് ഒരു ദിവസമെങ്കിലും ബിരിയാണി നല്‍കാനായത്. ഇതുവരെ ഒരു അങ്കണവാടിയിലും പുതിയ മെനു സര്‍ക്കാര്‍ ഉത്തരവായി എത്തിയിട്ടില്ല. ബിരിയാണി അരിയും മസാലക്കൂട്ടുകളും പോയിട്ട് ഉണ്ടാക്കാനുള്ള പാത്രത്തിന്റെ കാര്യത്തിലെ തീരുമാനം പോലും വന്നിട്ടില്ല. റേഷനരി കൊണ്ട് ബിരിയാണിയുണ്ടാക്കാനാണ് ആദ്യം പറഞ്ഞിരുന്നത്. ബിരിയാണി എന്നാല്‍ പ്രത്യേകതരം അരികൊണ്ടു മാത്രം ഉണ്ടാക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിച്ചില്ല എന്നര്‍ഥം.
ഒരു കുട്ടിക്ക് ഒരു ദിവസം ഭക്ഷണം നല്കാന് ഇപ്പോള്‍ നല്‍കുന്നത് വെറും അഞ്ചു രൂപയാണ്. ഇതുകൊണ്ട് ബിരിയാണി പോയിട്ട് കഞ്ഞി പോലും നേരാംവണ്ണം കൊടുക്കാനാവില്ലെന്ന് കാര്യവിവരമുള്ളവര്ക്കൊക്കെയറയാവുന്നതാണ്. പത്തു കുട്ടികളുള്ള ഒരു അങ്കണവാടിയില്‍ അമ്പതു രൂപ കൊണ്ട് എന്തു ഭക്ഷണം കൊടുക്കാനാവുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ഈ തുക തന്നെ മൂന്നു മാസം കൂടുമ്പോഴാണ് പഞ്ചായത്തില്‍ നിന്നും മറ്റും ലഭിക്കുന്നത്. ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്നു പണമിട്ടാണ് പലയിടത്തും നിലവിലുള്ള ഭക്ഷണം തന്നെ നല്‍കുന്നത്. ബിരിയാണിയിലേക്കും മറ്റും വരുമ്പോള്‍ ശമ്പളം മുഴുവന്‍ മാറ്റിവച്ചാലും തികയുകയുമില്ല. കാരണം അധ്യാപകര്‍ക്ക് പ്രതിമാസം കിട്ടുന്നത് 12000 രൂപയും ഹെല്‍പ്പര്‍ക്ക് കിട്ടുന്നത് 9000 രൂപയുമാണ്.
കുഞ്ഞുങ്ങള്‍ക്കു ബിരിയാണി വേകാനെത്ര കാക്കണം
