ദുബായ്: മലയാളി മാറുകയാണ്, ദുബായും മാറുകയാണ്. പണ്ടൊക്കെ ഗള്‍ഫിലേക്കു പോകുന്നവര്‍ തനിച്ചു പോകുന്നു,
ആണ്ടിലൊന്നോ രണ്ടാണ്ടിലൊന്നോ അവധിക്കു വരുന്നു, കുടുംബത്തിനൊപ്പം യാത്രയും ശാപ്പാടും പ്രണയവുമായി എണ്ണിയെടുത്ത ദിനങ്ങള്‍, വീണ്ടും മണല്‍ക്കാട്ടിലേക്കു മടക്കം. ഈ അവസ്ഥ മാറുകയാണിപ്പോള്‍. കുടുംബമായി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് ഗള്‍ഫില്‍ കുടുംബജീവിതം ആരംഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൂടിയ ജീവിതച്ചെലവാണ് കുടുംബത്തെ കൊണ്ടു പോകുന്നതിനു തടസമായിരുന്നതെങ്കില്‍ ബജറ്റിലൊതുങ്ങിയുള്ള കുടുംബജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമൊക്കെ സൗകര്യമുള്ള നിരവധി സ്ഥലങ്ങള്‍ ദുബായില്‍ വികസിച്ചു വരികയാണെന്ന് കുടുംബസമേതം ജീവിതം പറിച്ചു നട്ടവര്‍ പറയുന്നു.
ദുബായില്‍ കുടുംബസമേതം എത്തിയവരുടെ രണ്ടു പ്രിയപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളായി ദുബായ് ഹില്‍സ് എസ്റ്റേറ്റും അറേബ്യന്‍ റാഞ്ചസും മാറിയിരിക്കുന്നുവെന്ന് കുടുംബജീവിതക്കാരായി മാറിയിരിക്കുന്ന പ്രവാസികള്‍ പറയുന്നത്. അല്‍ ഖൈല്‍ റോഡിനു ചേര്‍ന്നാണ് ദുബായ് ഹില്‍സ് എസ്‌റ്റേറ്റ്. പാര്‍ക്കുകള്‍ സ്‌പോര്‍ട്‌സ് സോണുകള്‍, മാളുകള്‍, വിദ്യാഭ്യാസ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒക്കെ ഇവിടെ ലഭ്യമാണ്. നിരവധി സ്‌കൂളുകളാണ് ഇവിടെയുള്ളത്. വളരെ അനായാസം ചെന്നെത്താവുന്ന ദൂരത്തില്‍ തന്നെയാണ് ഇവ സ്ഥിതി ചെയ്യുന്നതും.
വാദി അല്‍ സഫായിലാണ് അറേബ്യന്‍ റാഞ്ചസ് സ്ഥിതി ചെയ്യുന്നത്. നാലായിരത്തിലധികം വീടുകളാണ് നിലവില്‍ ഇവിടെയുള്ളത്. പച്ചപ്പും പ്രകൃതിഭംഗിയും ഇഷ്ടമുള്ളവര്‍ക്കു താമസത്തിനായി തിരഞ്ഞെടുക്കാന്‍ പറ്റിയ പ്രദേശമാണിത്. പാര്‍ക്കുകള്‍ പലതുണ്ടിതിവിടെ. ഉന്നത നിലവാരമുള്ള സ്‌കൂളുകള്‍ക്കും കുറവില്ല. ഈ സ്‌കൂളുകളൊക്കെ പ്രവാസികളോടു പ്രത്യേക പരിഗണനയുള്ളതുമാണ്. അതിനാല്‍ ഇവിടെ താമസമാക്കാന്‍ അന്വേഷണവുമായെത്തുന്ന മലയാളികള്‍ക്കും കുറവില്ല.
ദൂരെ ദൂരെ ദുബായില്‍ നമുക്കൊരു കൂടുകൂട്ടാം
