ഹൂതി യെമനിലെ പ്രധാനമന്ത്രി ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

സന: ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ യെമനിലെ ഹൂതി നേതൃത്തിന്റെ അധീനതയിലുള്ള പ്രദേശത്തെ പ്രധാനമന്ത്രിയും ഉന്നത നേതാക്കളും കൊല്ലപ്പെട്ടു. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ വ്യോമസേനയുടെ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഒരു അപ്പാര്‍ട്‌മെന്റില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയും ഉന്നത നേതൃത്വവുമുണ്ടെന്ന കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. പ്രധാനമന്ത്രി കൊല്ലപ്പെട്ട വിവരം ഇതുവരെ ഇസ്രയേല്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. എത്ര പേരാണ് മരിച്ചതെന്നോ മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടോ എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ പതിനൊന്നു വര്‍ഷമായി യെമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിഭാഗമാണ് ഭരിക്കുന്നത്. തെക്കന്‍ പ്രദേശങ്ങള്‍ ഏദന്‍ ആസ്ഥാനമാക്കി പ്രസിഡന്റ് റഷാദ് അല്‍ അലിമിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും ഭരിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ളത് തെക്കന്‍ പ്രദേശത്തെ ഭരണകൂടത്തിനാണ്. ഹമാസ്, ഹിസ്ബുള്ള എന്നിവര്‍ക്കൊപ്പം ഇസ്രയേല്‍ വിരുദ്ധ വിഭാഗത്തിലാണ് ഹൂതികളും ഉള്‍പ്പെടുന്നത്.
ഒരാഴ്ച മുമ്പും സനായില്‍ ഇസ്രയേലി പോര്‍വിമാനങ്ങള്‍ മിന്നല്‍ ആക്രമണം നടത്തിയിരുന്നതാണ്. ഇന്നലെ നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ സൈനിക നേതൃത്വത്തെ ഒന്നാകെ ലക്ഷ്യമിട്ടായിരുന്നു.