ഇക്കാലത്ത് മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്വാഷ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ അമിതമായ അഴുക്കും എണ്ണമയവും നീക്കം ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇന്ന് മാർക്കറ്റിൽ പല രൂപത്തിലും നിറത്തിലും ഫേസ്വാഷുകൾ വാങ്ങാൻ സാധിക്കും. എന്നാൽ ഇവയിൽ പകുതിയും കെമിക്കൽ നിറഞ്ഞവയാണ്. കെമിക്കൽ നിറഞ്ഞ ഫേസ്വാഷുകൾ ഉപയോഗിച്ചാൽ കാലക്രമേണ അത് ചർമ്മത്തിന് ദോഷം ചെയ്തേക്കാം. എന്നാൽ ഫേസ്വാഷ് നമുക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായി തയ്യാറാക്കാൻ കഴിയും.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് നല്ലപോലെ തിളപ്പിക്കുക. ഇതിലേയ്ക്ക് ഗ്രീൻ ടീ ചേർക്കാം. വെള്ളം നന്നായി തിളച്ചുകഴിയുമ്പോൾ അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റിവയ്ക്കാം. ശേഷം ഒരു ചെറിയ ബൗളിലേയ്ക്ക് അൽപം കറ്റാർവാഴയുടെ ജെൽ, തേൻ എന്നിവയെടുക്കുക. ഇതിലേക്ക് ഗ്രീൻ ടീ തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കാം. വെള്ളരി തൊലി കളഞ്ഞ് അരച്ചെടുത്തതും ഓട്സ് പൊടിച്ചതും കൂടി ചേർക്കാം. ഇനി നല്ലപോലെ ഇവ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ആവശ്യമുള്ള സമയത്ത് ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. അഞ്ച് മിനിട്ട് മുഖത്ത് ഈ മിശ്രിതം വച്ചശേഷം കഴുകികളയുക. ഇത്തരം ചേരുവകൾ ഉപയോഗിക്കുമ്പോൾ അലർജി ഉള്ളവരാണെങ്കിൽ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്.

