കൊച്ചി: പ്രശസ്ത സിനിമ നടിയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ ശ്വേത മേനോനെതിരായ അശ്ലീല സംബന്ധിയായ കേസില്‍ ഹൈക്കോടതിയില്‍ ഇടപെടല്‍. എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടര്‍ നടപടികള്‍ തടയുകയും ചെയ്തു.
എറണാകുളം തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിന്‍മേല്‍ സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഇനി ഫയലിലുറങ്ങും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ വിമര്‍ശിക്കുക കൂടി ചെയ്താണ് ജസ്റ്റിസ് വി ജി ആരുണ്‍ ശ്വേത മേനോന്റെ ഹര്‍ജി തീര്‍പ്പാക്കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പു പാലിക്കേണ്ട നടപടിക്രമങ്ങള്‍ സിജെഎം കോടതി പാലിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകളൊന്നും പരിശോധിക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ അനുമതി നല്‍കിയതെന്ന് ശ്വേത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങളില്‍ മാത്രമാണ് താന്‍ അഭിനയിച്ചിട്ടുള്ളത്. അതില്‍ നിയമവിരുദ്ധമായ കാര്യങ്ങളൊന്നുമില്ല. ശ്വേത ചൂണ്ടിക്കാട്ടി.
സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല ഉള്ളടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നും അവയുടെ വില്‍പനയിലൂടെ ധനാര്‍ജനം നടത്തിയെന്നുമായിരുന്നു മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
ശ്വേത മേനോനെ ഹൈക്കോടതി രക്ഷിച്ചു, കേസിനു സ്‌റ്റേ
