മുനമ്പത്തെ ഭൂമി വഖഫ് അല്ല, കമ്മീഷനെ നിയോഗിച്ചതില്‍ തെറ്റില്ല-ഹൈക്കോടതി

കൊച്ചി: മുനമ്പത്തെ വിവാദമായ ഭൂമി വഖഫ് അല്ലെന്നു കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. കേരള ഗവണ്‍മെന്റിനു മുനമ്പത്തെ സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനും അതിന്റെ തീരുമാനം നടപ്പാക്കാനും അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ ധര്‍മാധികാരി, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെയാണ് ഏറെ പ്രാധാന്യമുള്ള ഈ വിധിന്യായം.
ന്യായമായ കാരണത്താലല്ലാതെ വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുതെന്നാണ് വഖഫ് നിയമം അനുശാസിക്കുന്നത്. ഈ വ്യവസ്ഥയുടെ വ്യക്തമായ ലംഘനമാണ് ഏഴു പതിറ്റാണ്ടിനു ശേഷം മുനമ്പത്തേത് വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത വഖഫ് ബോര്‍ഡിന്റെ നടപടി. അതുകൊണ്ടു തന്നെ ഇതു നിയമവിരുദ്ധമാണ്. ഇതു റദ്ദാക്കി ഉത്തരവിടുന്നില്ലെങ്കിലും ഈ വിജ്ഞാപനം സര്‍ക്കാരിനു ബാധകമല്ലെന്ന കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡിന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് വിഷയം വഖഫ് ബോര്‍ഡിന്റെ പരിഗണനയിലിരിക്കുകയാണെങ്കിലും 1995ലെ വഖഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ബോര്‍ഡിന്റെ നടപടി ശരിയും ന്യായവും നിര്‍ബന്ധിത വ്യവസ്ഥകള്‍ പാലിച്ചുമാണോയെന്ന് സിംഗിള്‍ ബഞ്ച് ഉറപ്പുവരുത്തണമായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി.