ഒളിമ്പിക്‌സിലും പ്രധാനം പൈതൃകം-യാഗാരകള്‍

സിഡ്‌നി: ക്വീന്‍സ്‌ലാന്‍ഡില്‍ 2032ല്‍ ഒളിമ്പിക്‌സിനു പ്രധാന വേദിയാകാന്‍ നിശ്ചയിച്ചിരിക്കുന്ന ബ്രിസ്‌ബേനിലെ വിക്ടോറിയ പാര്‍ക്കിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ആദിജനത സമ്മര്‍ദം ശക്തമാക്കുന്നു. ബാരാംബിന്‍ എന്നു വിളിപ്പേരുള്ള വിക്ടോറിയ പാര്‍ക്കാണ് ഇന്നര്‍ ബ്രിസ്‌ബേനില്‍ 2032 ഒളിമ്പിക്‌സിന്റെ ഗെയിംസ് ഹബ്ബിനു വേദിയാകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 3.7 ബില്യന്‍ ഡോളര്‍ ചെലവു ചെയ്ത്63000 കാണികളെ ഉള്‍ക്കൊള്ളുന്ന പ്രധാന സ്‌റ്റേഡിയമായിരിക്കും ഇവിടെയുയരുക.
ഓസ്‌ട്രേലിയയിലെ ആദിമ ജനതയുടെ സംഘടനകളിലൊന്നായ യാഗാര മഗാന്‍ഡ്ജിന്‍ കോര്‍പ്പറേഷന്‍ സംഘാടകരുടെ നീക്കത്തിനെതിരേ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഏറെ സാംസ്‌കാരിക പ്രാധാന്യമുള്ള ഈ സ്ഥലത്തിന്റെ പൂര്‍ണ നാശത്തിനായിരിക്കും സ്റ്റേഡിയം നിര്‍മാണം കാരണമാകുകയെന്ന് നിവേദനത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഒത്തിരിയേറെ കഥകളും പുരാവസ്തു ശേഷിപ്പുകളും പൈതൃകാംശങ്ങളും പുരാതന മരങ്ങളുമെല്ലാമുള്ള നിര്‍ദിഷ്ട സ്ഥലം സംരക്ഷിച്ചേ മതിയാകൂ എന്നാണ് കോര്‍പ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തുള്ള യാഗാര മൂപ്പന്‍ അങ്കിള്‍ സ്റ്റീവന്‍ പറയുന്നത്. ഇവയെല്ലാം ഒരിക്കല്‍ നശിച്ചു കഴിഞ്ഞാല്‍ എന്നന്നേക്കുമായി നശിക്കുകയായിരിക്കും ചെയ്യുക. ഇവയെല്ലാം സംരക്ഷിക്കണമെന്നു ഞങ്ങള്‍ പറയുന്നത് ആദിമജനതയുടെ മക്കള്‍ക്കു വേണ്ടി മാത്രമല്ല, പില്‍ക്കാല ജനതയുടെ മക്കള്‍ക്കു കൂടി വേണ്ടിയാണ്. ഇവിടെയുറങ്ങുന്നത് ക്വീന്‍സ്‌ലാന്‍ഡിന്റെ ചരിത്രമാണ്. യാഗാര മൂപ്പന്റെ വാക്കുകള്‍.
2021ല്‍ തന്നെ ബ്രിസ്‌ബേന്‍ 2032ലെ ഒളിമ്പിക്‌സിനു വേദിയായിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അതു കഴിഞ്ഞ് 1300 ദിവസങ്ങള്‍ക്കു ശേഷമാണ് സ്റ്റേഡിയം നിര്‍മാണത്തിനുള്ള ബ്ലൂപ്രിന്റ് ലിബറല്‍ നാഷണല്‍ ഗവണ്‍മെന്റ് പുറത്തു വിടുന്നത്. പരിസ്ഥിതിയും പൈതൃകവുമായി ബന്ധപ്പെട്ട പതിനഞ്ച് നിയമങ്ങളെ മറികടക്കാന്‍ ഫാസ്റ്റ് ട്രാക്ക് മാതൃകയില്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്തിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങളെയെല്ലാം മറികടന്നുകൊണ്ട് വിക്ടോറിയ പാര്‍ക്കില്‍ സ്റ്റേഡിയം നിര്‍മാണം നടത്താന്‍ ഇതുകൊണ്ട് സര്‍ക്കാരിനു മുന്നില്‍ തടസങ്ങളൊന്നുമില്ല.