സിഡ്‌നി: വിവിധ ലോക രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്ന കരുത്തിന്റെ കണക്കില്‍ അമേരിക്ക പിന്നോക്കം പോകുകയും ഓസ്‌ട്രേലിയ ശക്തമായി തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഹെന്‍സി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ അമേരിക്ക നില്‍ക്കുന്നത് പന്ത്രണ്ടാം സ്ഥാനത്ത്. അതേ സമയം ആദ്യപത്തില്‍ തന്നെയാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. ഇക്കുറി ഏഴാമതുള്ളത് ഓസ്‌ട്രേലിയയാണ്.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ആദ്യമായാണ് ഈ പട്ടികയില്‍ അമേരിക്ക ഇത്രയും പിന്നിലേക്കു പോകുന്നത്. 2014ല്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് എന്ന സ്ഥാനം അമേരിക്കയ്ക്ക ആയിരുന്നുവെങ്കില്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ എന്ന മുദ്രാവാക്യത്തിന്റെ ബലത്തില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്ക ഗ്രേറ്റ് ആകുന്നതിനു പകരം വീക്ക് ആകുകകയാണെന്ന് ഈ പട്ടിക സൂചിപ്പിക്കുന്നു. ഇക്കുറി മലേഷ്യയ്‌ക്കൊപ്പം പന്ത്രണ്ടാം സ്ഥാനം പങ്കിടുക മാത്രമാണ് അമേരിക്ക ചെയ്യുന്നത്. എത്ര രാജ്യങ്ങളിലും എത്ര രാജ്യതുല്യമായ നഗരങ്ങളിലും ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസ കൂടാതെ സന്ദര്‍ശനം നടത്താമെന്നതിന്റെയും ഇതേ സൗകര്യം എത്രയധികം ഇതര രാജ്യങ്ങള്‍ക്ക് അനുവദിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് നിശ്ചയിക്കുന്നത്.
2015ല്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് യുകെയുടേത് ആയിരുന്നെങ്കില്‍ ഇപ്പോഴത് ഏഴാം സ്ഥാനം പങ്കിടുക മാത്രമാണ് ചെയ്യുന്നത്. ലോകത്തൊട്ടാകെ 185 സ്ഥലങ്ങളിലേക്ക് വീസ കൂടാതെ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന്റെ മാത്രം ബലത്തില്‍ സഞ്ചരിക്കുന്നതിനു സാധിക്കുന്നു. ചെക്കിയ, മാള്‍ട്ട, പോളണ്ട് എന്നീ രാജ്യങ്ങളും ഏഴാം സ്ഥാനം ഓസ്‌ട്രേലിയയ്‌ക്കൊപ്പം പങ്കിടുന്നുണ്ട്. 2001ല്‍ ഹെന്‍ലീ റാങ്കിങ് നടപ്പായതു മുതല്‍ ആദ്യ പത്തില്‍ തന്നെയാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. ഏറ്റവും പിന്നിലേക്കു പോയത്2006ലായിരുന്നു, ഒമ്പതാം സ്ഥാനത്തേക്ക്. ഇന്ത്യയുടെ സ്ഥാനം ഈ പട്ടികയില്‍ വളരെ പിന്നിലാണ്, 85ാമത്.
വിവിധ പാസ്‌പോര്‍ട്ടുകളെ നാലു ശ്രേണികളായാണ് ഹെന്‍ലീ ലിസ്റ്റ് വേര്‍തിരിക്കുന്നത്. വീസ കൂടാതെ പ്രവേശിക്കാവുന്നവ, വീസ ഓണ്‍ അറൈവല്‍ സൗകര്യമുള്ളവ, ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി അംഗീകാരമുള്ളവ, വീസയോടു കൂടി മാത്രം യാത്ര അനുവദിക്കുന്നവ എന്നിങ്ങനെയാണ് തരംതിരിവ്. ഹെന്‍ലീയുടെ ലിസ്റ്റില്‍ ഇക്കുറി ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പൂരാണ്. ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജപ്പാന്‍, നാലാം സ്ഥാനത്ത് ജര്‍മനിയും ഇറ്റലിയും ലക്‌സംബര്‍ഗും സ്‌പെയിനും വരുന്നു. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്. അതിനു തൊട്ടു മുന്നില്‍ സിറിയയും അതിനു മുകളില്‍ ഇറാക്കും വരുന്നു.

