തിരുവനന്തപുരം: ഇന്നലെ രാവിലെ പെയ്ത കനത്ത മഴ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ വെള്ളക്കെട്ടാക്കിയപ്പോള് വട്ടം കറങ്ങി മടുത്ത് വിമാനം. കനത്ത മഴയിലും വെള്ളക്കെട്ടിലും റണ്‍വേ വ്യക്തമായി കാണാനാവാതെ വലഞ്ഞ കുവൈറ്റ് എയര്‍വേസിന്റെ വിമാനത്തിനാണ് കാഴ്ച ശരിയാകുവോളം ആകാശത്ത് വട്ടംചുറ്റി പറക്കേണ്ടിവന്നത്. ഒരു മണിക്കൂറാണ് ഇത്തരത്തില്‍ വിമാനം ആകാശത്തു ചെലവഴിച്ചത്. ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോള്‍ റണ്‍വേ ശരിയായി കാണാനാകുന്നില്ലെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കാഴ്ച ശരിയാകുവോളം ആകാശത്തു തന്നെ സമയം ചെലവഴിക്കാന്‍ നിര്‍ദേശം ലഭിക്കുന്നത്. ഇതനുസരിച്ച് പൈലറ്റ് വിമാനത്താവളം പ്രദേശത്ത് ആകാശത്തു വട്ടമിട്ടു പറന്നു സമയം തള്ളിനീക്കുകയായിരുന്നു. ഒടുവില്‍ ലാന്‍ഡ് ചെയ്തത് ആറേമുക്കാലിന്. അഞ്ചേമുക്കാലിനു ലാന്‍ഡ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്.
കണ്ണു കാണാനാവാതെ മഴ, മാനം തെളിയുവോളം ആകാശത്ത് കറങ്ങി വിമാനം

